ലാവോസിൽ സിപ് ലൈനിംഗിനിടെയുണ്ടായ ദാരുണമായ കടന്നലാക്രമണത്തിൽ അമേരിക്കൻ പൗരനും മകനും മരിച്ചു. സാഹസിക വിനോദസഞ്ചാര കേന്ദ്രമായ ഗ്രീൻ ജംഗിൾ പാർക്കിൽ സിപ് ലൈനിംഗിനിടെയാണ് ഇരുവരെയും കടന്നൽക്കൂട്ടം ആക്രമിച്ചത്. വിയറ്റ്നാമിലെ അന്താരാഷ്ട്ര സ്കൂൾ ഡയറക്ടറായ ഡാൻ ഓവൻ (47), മകൻ കൂപ്പർ (15) എന്നിവരാണ് ഒക്ടോബർ 15-ന് ഉണ്ടായ ആക്രമണത്തിൽ മരിച്ചത്.
ഒരു മരത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് കടന്നലുകൾ കൂട്ടമായി ആക്രമിച്ചത്. നൂറിലധികം തവണ കുത്തേറ്റ ഇരുവരെയും ഉടൻ തന്നെ പ്രാദേശിക ക്ലിനിക്കിലേക്കും പിന്നീട് ലുവാങ് പ്രബാംഗ് പ്രൊവിൻഷ്യൽ ഹോസ്പിറ്റലിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുത്തേറ്റതിനെ തുടർന്ന് ഇരുവരും അനാഫൈലാക്റ്റിക് ഷോക്ക് എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അരമണിക്കൂറിനുള്ളിൽ കൂപ്പറും, മൂന്ന് മണിക്കൂറിന് ശേഷം അച്ഛൻ ഡാൻ ഓവനും മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഏഷ്യൻ ജയൻ്റ് ഹോർനെറ്റ് പോലുള്ള ആക്രമണകാരികളായ നിരവധി കടന്നൽ വർഗ്ഗങ്ങൾ ലാവോസിൽ കാണപ്പെടുന്നുണ്ടെങ്കിലും, ഏത് ഇനമാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. അമേരിക്കൻ പൗരന്മാരുടെ മരണം സ്ഥിരീകരിച്ച യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്, കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല.