ആൽബെർട്ടയുടെ ആഗോള ബന്ധങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി അബുദാബിയിൽ പുതിയ അന്താരാഷ്ട്ര ഓഫീസ് തുറന്നു. ഊർജ്ജം, നിക്ഷേപം, വ്യാപാരം എന്നീ മേഖലകളിൽ ലോകത്തിലെ ഏറ്റവും ചലനാത്മകമായ പ്രദേശങ്ങളിലൊന്നിലേക്ക് പ്രവിശ്യയെ ബന്ധിപ്പിക്കുന്നതാണ് ഈ നീക്കം. അബുദാബിയിലെ കനേഡിയൻ എംബസിയിലാണ് ഈ ഓഫീസ് സ്ഥാപിച്ചിട്ടുള്ളത്.
അബുദാബി ഇൻ്റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസിൽ (ADIPEC) പങ്കെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഡാനിയേൽ സ്മിത്ത് യുഎഇയിലെ പങ്കാളികളോടും നിക്ഷേപകരോടും പുതിയ ഓഫീസ് തുറക്കുന്ന കാര്യം അറിയിച്ചത്. അവസരങ്ങൾക്കായി ആൽബെർട്ട കാത്തിരിക്കുകയല്ല മറിച്ച് ഞങ്ങൾ അത് സൃഷ്ടിക്കുകയാണെന്ന് സ്മിത്ത് പറഞ്ഞു. അബുദാബിയിലെ ഓഫീസ് തുറക്കുന്നതിലൂടെ, ഊർജ്ജം, നവീകരണം, നിക്ഷേപം എന്നിവയിൽ ലോകത്തിലെ ഏറ്റവും ചലനാത്മകമായ പ്രദേശങ്ങളിലൊന്നുമായി ആൽബർട്ട ബന്ധം സ്ഥാപിക്കുകയാണെന്ന് എന്ന് പ്രീമിയർ സ്മിത്ത് പറഞ്ഞു.
മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും പുതിയ വിപണികളിലേക്ക് കടക്കാൻ ശ്രമിക്കുന്ന ആൽബെർട്ടയിൽ നിന്നുള്ള കമ്പനികളെ പിന്തുണയ്ക്കുക, ആഭ്യന്തര വളർച്ചയ്ക്ക് ഇന്ധനം പകരാൻ നിക്ഷേപം ആകർഷിക്കുക എന്നിവ പുതിയ ഓഫീസിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. 50 വർഷത്തിലേറെയായി ആൽബെർട്ടക്ക് വിദേശത്ത് ഓഫീസുകളുണ്ട്, ജപ്പാൻ, ചൈന, യുകെ, ഇന്ത്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഓഫീസുകളുണ്ട്. അബുദാബി ഓഫീസ് കൂടി വരുന്നതോടെ ആൽബെർട്ടയുടെ ആകെ അന്താരാഷ്ട്ര ഓഫീസുകളുടെ എണ്ണം 18 ആയി ഉയരും.