കാനഡയിൽ കോഴിയിറച്ചി വില വർദ്ധിക്കുന്നു. ഇത് ഉപഭോക്താക്കൾക്കും കടയുടമകൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. സെപ്റ്റംബർ അവസാനത്തോടെയാണ് വിലയിൽ കാര്യമായ വർദ്ധനവുണ്ടായത്. കാനഡയിലും യു.എസ്സിലും ഉണ്ടായ പക്ഷിപ്പനി വ്യാപനം ആണ് വിലവർദ്ധനയ്ക്ക് കാരണമായത്. പക്ഷിപ്പനിയെ തുടർന്ന് ധാരാളം കോഴികളെ കൊന്നൊടുക്കേണ്ടി വന്നത് കോഴിയിറച്ചിയുടെ ലഭ്യത കുറയ്ക്കുകയും വില വർദ്ധനവിന് കാരണമാവുകയും ചെയ്തു.
കോഴിക്കാലുകൾക്കാണ് കൂടുതൽ വിലവർദ്ധന ഉണ്ടായിട്ടുള്ളത്. കോഴിക്കാലുകളുടെ വില 20 ശതമാനത്തോളമാണ് കൂടിയിട്ടുള്ളത്. ശൈത്യകാലത്ത് വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സമീപ കാലത്ത് കോഴി ഉത്പാദനം കുറഞ്ഞുവെന്നും വിദഗ്ദ്ധർ പറയുന്നു. വിതരണം ഉടൻ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ചില കടയുടമകൾ ഇപ്പോൾ വില കൂട്ടിയിട്ടില്ല. എങ്കിലും കാനഡയിൽ താമസിക്കുന്നവരെ സംബന്ധിച്ച് കോഴിയിറച്ചി വാങ്ങുമ്പോൾ കൂടുതൽ പണം നൽകേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.