ലോകപ്രശസ്തമായ ഫ്ലോറൻ്റൈൻ ഡയമണ്ട് കനേഡിയൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചേക്കും. ഇളം മഞ്ഞ നിറത്തിലുള്ള ഇതിന് 137.27 കാരറ്റ് ഭാരമുണ്ട്. ലോകപ്രശസ്തമായ മറ്റ് പല വജ്രങ്ങളെയും പോലെ ഇന്ത്യയാണ് ഫ്ലോറൻ്റൈൻ ഡയമണ്ടിൻ്റെയും ഉത്ഭവസ്ഥാനം. ഇന്ത്യയിലെ ഗൊൽക്കൊണ്ട ഖനികളിൽ നിന്നാണ് ഇത് കണ്ടെടുത്തത്.
ഒരുകാലത്ത് ഇറ്റലിയിലെ ശക്തരായ മെഡിസി കുടുംബത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന ഈ വജ്രം അവരുടെ കിരീടങ്ങളിൽ ഉപയോഗിച്ചിരുന്നു. പിന്നീട് ഈ രത്നം ഓസ്ട്രിയൻ ക്രൗൺ ജുവൽസിൻ്റെ ഭാഗമായി. ചക്രവർത്തി ഫ്രാൻസിസ് ഒന്നാമൻ്റെ കിരീടധാരണ സമയത്തും ഈ രത്നം ഉപയോഗിക്കപ്പെട്ടിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യം അവസാനിക്കുകയും കിരീടാവകാശികളായിരുന്നു ഹാപ്സ്ബർഗ് കുടുംബം സ്വിറ്റ്സർലൻഡിലേക്ക് രക്ഷപ്പെടുകയും ചെയ്തു. അവസാന ചക്രവർത്തിയായ കാൾ ഒന്നാമൻ്റെ ഭാര്യയായ സിറ്റ നാസികളിൽ നിന്ന് പലായനം ചെയ്യുമ്പോൾ മറ്റ് ആഭരണങ്ങൾക്കൊപ്പം ഈ വജ്രവും കൂടെക്കരുതി. ഈ കുടുംബം കാനഡയിലെ ക്യുബെക്കിൽ താമസമാക്കി. അവിടെ ഒരു ബാങ്കിൻ്റെ നിലവറയിൽ വജ്രം സുരക്ഷിതമായി സൂക്ഷിച്ചു. ഇതിൻ്റെ സ്ഥലം രഹസ്യമായി വയ്ക്കുകയും ചെയ്തു.
അടുത്തിടെ, ക്യുബെക്കിലെ ഒരു നിലവറയിൽ ഫ്ലോറൻ്റൈൻ ഡയമണ്ട് ഇപ്പോഴും സുരക്ഷിതമായി ഉണ്ടെന്ന് ഹാപ്സ്ബർഗ് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ഈ വജ്രം ഉടൻ ഒരു കനേഡിയൻ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിലും, വിൽക്കാൻ പദ്ധതികളൊന്നുമില്ല. ഈ വജ്രത്തിൻ്റെ കൃത്യമായ മൂല്യം അറിയില്ലെങ്കിലും, ലോകത്തിലെ ഏറ്റവും അമൂല്യവും ചരിത്രപരവുമായ രത്നങ്ങളിൽ ഒന്നാണിതെന്ന് വിദഗ്ദ്ധർ പറയുന്നത്.