വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിഫലം നൽകുന്ന പുതിയൊരു പദ്ധതി അവതരിപ്പിച്ച് ബി.സി. ഹൈഡ്രോ. 2025 നവംബർ ഒന്ന് മുതൽ ഉപഭോക്താക്കൾക്ക് "റിഡക്ഷൻ ചലഞ്ചിൽ" ഓൺലൈനായി ചേരാവുന്നതാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ വൈദ്യുതി ഉപഭോഗം 10 ശതമാനം കുറയ്ക്കാമെന്ന് പ്രതിജ്ഞയെടുക്കുന്നതാണ് ഈ ചലഞ്ച്. പരിസ്ഥിതിക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാണ് പുതിയ റിഡക്ഷൻ ചലഞ്ചെന്ന് ബി.സി. ഹൈഡ്രോ വ്യക്തമാക്കി.
ഈ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് $100 ക്രെഡിറ്റോ ഇ-ട്രാൻസ്ഫറോ ലഭിക്കും. ഊർജ്ജ ലാഭത്തിനായി സാധാരണയായി നൽകുന്ന $50-ൻ്റെ ഇരട്ടിയാണ് ഈ സമ്മാനത്തുക. കോണ്ടോകളിലോ അപ്പാർട്ട്‌മെൻ്റുകളിലോ താമസിക്കുന്നവരെ സംബന്ധിച്ച്, ഒരു മാസത്തേക്കോ അതിൽ കൂടുതലോ ഉള്ള വൈദ്യുതി ബില്ലിന് തുല്യമായ തുകയാണിത്. ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കാനും മൊത്തത്തിലുള്ള വൈദ്യുതിയുടെ ആവശ്യം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രോജക്ട് മുന്നോട്ടു വച്ചിട്ടുള്ളത്.
ഉപഭോക്താക്കൾക്ക് ഈ ക്രെഡിറ്റിനായി അപേക്ഷിക്കേണ്ട ആവശ്യമില്ല. ലക്ഷ്യം കൈവരിച്ചാൽ അത് ഓട്ടോമാറ്റിക്കായി ലഭിക്കും. റിഡക്ഷൻ ചലഞ്ച് 2026 ജനുവരി 31 വരെ തുടരും. 2024-ൽ ആരംഭിച്ച Electricity Affordability Credit പോലെയുള്ള പദ്ധതികൾക്ക് പുറമെയാണ് ഈ പുതിയ ചലഞ്ച്. വ്യാജ ക്രെഡിറ്റ് ഓഫറുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ബി.സി. ഹൈഡ്രോ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഊർജ്ജ വില വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ചെലവ് നിയന്ത്രിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന പദ്ധതി കൂടിയാണിത്.