വനത്തില്‍ കണ്ട 'സിംഹം' നായയായെന്ന് കണ്ടെത്തി; അയര്‍ലണ്ടില്‍ വൈറലായ രസകരമായ സംഭവം

By: 600002 On: Nov 6, 2025, 12:05 PM



 

പി പി  ചെറിയാന്‍

അയര്‍ലണ്ട്: അയര്‍ലണ്ടിലെ ക്ലെയര്‍ കൗണ്ടിയില്‍ വനപ്രദേശത്ത് സിംഹസദൃശമായ ഒരു ജീവിയെ കണ്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വലിയ ആശങ്കയുണ്ടാക്കി. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അത് സിംഹമല്ല, 'മൗസ്' എന്ന പേരിലുള്ള ന്യൂഫൗണ്ട്‌ലാന്‍ഡ് ഇനത്തിലെ ഒരു നായയാണെന്ന് കണ്ടെത്തി.

ഗാര്‍ഡാ (അയര്‍ലണ്ടിലെ പൊലീസ്) സോഷ്യല്‍ മീഡിയയിലൂടെ രസകരമായി പ്രതികരിച്ചു: ''വനത്തിലേക്ക് പോയാല്‍ സിംഹമല്ല, സൗഹൃദപരനായ നായ മൗസിനെയാണ് കാണുക,'' എന്ന് കുറിച്ചു.

മൗസിന്റെ വിചിത്രമായ മുടിയാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചതെന്ന് മൃഗസംരക്ഷണ സംഘടനയായ US-PCA വ്യക്തമാക്കി. സംഘടനാ പ്രതിനിധി സിയോഭാന്‍ മക്ഹാഫി പറഞ്ഞു: ''ന്യൂഫൗണ്ട്‌ലാന്‍ഡ് നായകളുടെ കട്ടിയുള്ള രോമാവരണം ചൂടില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നുമുള്ള സംരക്ഷണത്തിനായാണ്; അതിനെ മുറിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.''

സംഭവം ഹാസ്യകരമായി അവസാനിച്ചെങ്കിലും, മൃഗസംരക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ഈ സംഭവം ഉപയോഗപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.