ഓണ്‍ലൈന്‍ വാതുവെപ്പ്: സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി 

By: 600002 On: Nov 6, 2025, 11:25 AM

 


ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.4 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. അന്വേഷണത്തില്‍ താരങ്ങള്‍ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് നേരത്തെ ഇഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.  

നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയില്‍ വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, നടന്മാരായ സോനു സൂദ്, മിമി ചക്രവര്‍ത്തി, അങ്കുഷ് ഹസ്ര എന്നിവരെ അടുത്തിടെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് ഇഡി സ്വത്ത് കണ്ടുകെട്ടിയത്.