ഒരു ബ്രിട്ടീഷുകാരനായതിൽ അഭിമാനിക്കുന്നു എന്ന് ഹാരി രാജകുമാരൻ. റിമെംബറൻസ് ഡേയ്ക്ക് മുന്നോടിയായി, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവച്ച് ഒരു ലേഖനവും അദ്ദേഹം എഴുതിയിട്ടുണ്ട്. രാജ്യത്തിനായി സേവനമനുഷ്ഠിച്ചവരെ ആദരിക്കാനും പിന്തുണയ്ക്കാനുമുള്ള ഓർമ്മപ്പെടുത്തലാണ് പ്രിൻസ് ഹാരിയുടെ സന്ദേശം.
ബ്രിട്ടീഷ് ആർമിയിൽ സേവനം അനുഷ്ഠിക്കുകയും അഫ്ഗാനിസ്ഥാനിൽ രണ്ട് തവണ സൈനിക സേവനം പൂർത്തിയാക്കുകയും ചെയ്തയാളാണ് ഡ്യൂക്ക് ഓഫ് സസെക്‌സ് കൂടിയായ ഹാരി രാജകുമാരൻ. താൻ അഭിമാനത്തോടെ സേവിക്കുകയും പോരാടുകയും ചെയ്ത രാജ്യമാണ് ബ്രിട്ടൻ എന്ന് ഹാരി പറഞ്ഞു. ബ്രിട്ടീഷ് ജനതയുടെ നർമ്മബോധവും സ്വന്തം കുറവുകൾ ഏറ്റുപറയുന്ന മനോഭാവവുമൊക്കെ തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പരാമർശിച്ചു.
സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരെയും അവർ ചെയ്ത ത്യാഗങ്ങളെയും ഓർക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസ് ഹാരി സംസാരിച്ചു. യുദ്ധത്തെ മഹത്വവൽക്കരിക്കുന്നതിനല്ല, മറിച്ച് ജീവൻ നൽകിയവരെയും ഇപ്പോഴും സേവനം തുടരുന്നവരെയും ആദരിക്കുന്നതിനാണ് അനുസ്മരണ ദിനം ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുമ്പോഴും തൻ്റെ ഹൃദയം ബ്രിട്ടനൊപ്പമാണെന്ന് പ്രിൻസ് ഹാരി ഊന്നിപ്പറഞ്ഞു. റിമെംബറൻസ് ഡേ പരിപാടികളിൽ പങ്കെടുക്കുന്നതിനും വിമുക്തഭടന്മാരെ കാണുന്നതിനുമായി പ്രിൻസ് ഹാരി ടൊറൻ്റൊ സന്ദർശിക്കുന്നുണ്ട്.