റിയർവ്യൂ കാമറ സിസ്റ്റത്തിലെ സോഫ്റ്റ്‌വെയർ തകരാർ കാരണം ടൊയോട്ട കാനഡ ഒരു ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിച്ചു. ടൊയോട്ട, ലെക്സസ് കാറുകൾ, മിനിവാനുകൾ, പനോരമിക് വ്യൂ മോണിറ്ററുകളുള്ള എസ്.യു.വികൾ എന്നി വാഹനങ്ങളാണ് മടക്കി വിളിക്കപ്പെടുന്നത്. സുരക്ഷാഭീഷണി മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ട്രാൻസ്‌പോർട്ട് കാനഡ ഒക്ടോബർ 30ന് ഈ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചത്.
സോഫ്റ്റ്‌വെയറിലെ തകരാർ കാരണം റിയർവ്യൂ കാമറയിലെ ചിത്രം ഫ്രീസ് ആവുകയോ തെറ്റായ ദൃശ്യം കാണിക്കുകയോ ചെയ്യാം. ഇതിൻ്റെ ഫലമായി ഡ്രൈവർമാർക്ക് വാഹനം പിന്നോട്ടെടുക്കുമ്പോൾ പിന്നിലുള്ള കാഴ്ച കാണാൻ കഴിയാതെ വരികയും അപകടമുണ്ടാകാൻ സാധ്യത വർധിക്കുകയും ചെയ്യും. ഈ പ്രശ്നം കണ്ടെത്തിയിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ ടൊയോട്ട തപാൽ മാർഗം ബന്ധപ്പെടുകയും ഡീലർഷിപ്പ് സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പാർക്കിംഗ് അസിസ്റ്റ് ഇ.സി.യു (ECU) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഡീലർമാർ ഈ പ്രശ്നം പരിഹരിക്കും.
യു.എസിലും ഇതുപോലൊരു തിരിച്ചുവിളിക്കൽ നടക്കുന്നുണ്ട്, അവിടെ 10 ലക്ഷത്തിലധികം വാഹനങ്ങളെയാണ് ഇത് ബാധിച്ചിട്ടുള്ളത്. തങ്ങളുടെ വാഹനം തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഉടമകൾക്ക് ടൊയോട്ടയുടെ റീകോൾ വെബ്സൈറ്റിൽ വിൻ (VIN - Vehicle Identification Number) നൽകി പരിശോധിക്കാവുന്നതാണ്. ഇൻഷുറൻസ് രേഖകളിലോ രജിസ്‌ട്രേഷനിലോ കാറിനുള്ളിൽ ഡാഷ്‌ബോർഡിന് അടുത്തോ ഡോറിലോ കാണപ്പെടുന്ന 17 അക്ക കോഡാണ് വിൻ.