കാനഡയിൽ ഇന്ത്യൻ കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിച്ചിരുന്ന ചില വ്യാജ ട്രക്ക് ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ സർക്കാർ നടപടിയെടുത്തു. ശരിയായ പരിശീലനമില്ലാതെ ട്രക്ക് ലൈസൻസ് (ക്ലാസ് 1) നേടാൻ ഈ സ്ഥാപനങ്ങൾ ആളുകളെ സഹായിച്ചതിനെ തുടർന്നാണ് നടപടി. തട്ടിപ്പ് പുറത്തുവന്നതോടെ, ഇങ്ങനെ ലഭിച്ച ലൈസൻസുകൾ റദ്ദാക്കുകയോ വീണ്ടും പരിശോധിക്കുകയോ ചെയ്തേക്കാം. ഇത് കാരണം നിരവധി ഇന്ത്യൻ കുടിയേറ്റക്കാരുടെ കാനഡയിലെ ജോലി നഷ്ടപ്പെടാനും അവരുടെ സ്ഥിരതാമസം (PR) എന്ന സ്വപ്നത്തിന് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്.
ഇത്തരത്തിൽ ലൈസൻസിന് വേണ്ടി പ്രവർത്തിച്ച വ്യാജ സ്ഥാപനങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തുകയാണ്. നിയമം തെറ്റിച്ച് ലൈസൻസ് നേടിയവർക്ക് ഇനി കാനഡയുടെ ഡ്രൈവിംഗ് പരീക്ഷകൾ വീണ്ടും എഴുതേണ്ടി വരും. ട്രക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിലെ വീഴ്ചകളാണ് ഈ തട്ടിപ്പിന് കാരണം. നിലവാരമില്ലാത്ത പരിശീലനം നൽകി പുതിയ കുടിയേറ്റക്കാരെ വഞ്ചിച്ച രണ്ട് ഇന്ത്യൻ കുടിയേറ്റക്കാർക്ക് കോടതി വീട്ടുതടങ്കൽ ശിക്ഷ വിധിച്ചിട്ടുണ്ട്. ഗുർവീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരെയാണ് ഒൻ്റാരിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസിലെ ജൂറി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ക്ലാസ് എ ഡ്രൈവിംഗ് ലൈസൻസിനായി വിദ്യാർത്ഥികൾക്ക് നിർബന്ധിതമായി നൽകേണ്ട അടിസ്ഥാന പരിശീലനത്തിൽ ഇരുവരും നടത്തിയ തട്ടിപ്പാണ് ശിക്ഷയ്ക്ക് കാരണമായതെന്ന് ജസ്റ്റിസ് പിയറി റോജർ വ്യക്തമാക്കി.