അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്താൻ തീരുമാനമെടുത്ത് കനേഡിയൻ സർക്കാർ

By: 600110 On: Nov 6, 2025, 9:30 AM

 


അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്താൻ തീരുമാനിച്ച് കനേഡിയൻ സർക്കാർ. താൽക്കാലിക താമസക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനയെ തുടർന്ന് രാജ്യത്തെ ഭവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടായ സമ്മർദ്ദം കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി 2026 മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കാനാണ് സർക്കാരിൻ്റെ പദ്ധതി. നിലവിൽ മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ വിസ അനുവദിച്ചിരുന്നത്. ഇത്  ഏകദേശം 1,55,000 ആയി കുറയും.

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ലോകോത്തര പ്രതിഭകളെ ആകർഷിക്കുമ്പോൾ തന്നെ, കുടിയേറ്റം 'സുസ്ഥിരമായ നിലവാരത്തിലേക്ക്' എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. വിദ്യാർത്ഥി പെർമിറ്റുകൾ കുറയ്ക്കുന്നതിനൊപ്പം, സർവകലാശാലകളെയും വിദ്യാർത്ഥി തൊഴിൽ പരിപാടികളെയും പിന്തുണയ്ക്കുന്നതിനായി 1.5 ബില്യൺ ഡോളറിലധികം പുതിയ ഫണ്ടിംഗ് നൽകാനും ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്. എഞ്ചിനീയറിംഗ്, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര ഗവേഷകരെ ആകർഷിക്കുന്നതിനായി 13 വർഷത്തിനുള്ളിൽ 1.7 ബില്യൺ ഡോളർ നിക്ഷേപിക്കാനും ബജറ്റ് പദ്ധതിയിടുന്നു.

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാവുന്ന ഈ വലിയ കുറവ് തങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നും കോഴ്സുകളുടെ എണ്ണം കുറയ്ക്കാൻ കാരണമാകുമെന്നും കോളേജുകളും സർവകലാശാലകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.