12-ാമത് വാർഷിക കമ്മ്യൂണിറ്റി ദിനത്തോട് അനുബന്ധിച്ച് കാനഡയിൽ ഉടനീളം സൌജന്യ സിനിമാ പ്രദർശനവുമായി സിനിപ്ലക്സ്. 2025 നവംബർ 15, ശനിയാഴ്ചയാണ് കമ്മ്യൂണിറ്റി ദിനം. അന്ന് കാനഡയിലുടനീളമുള്ള സിനിപ്ലക്സ് തിയേറ്ററുകളിൽ രാവിലെ 9 മണി മുതൽ 11 മണി വരെ സൗജന്യ സിനിമാ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും നൽകുക.
ഈ വർഷം, കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമകളായ മിനിയൺസ്: റൈസ് ഓഫ് ഗ്രു , പസ് ഇൻ ബൂട്ട്സ്: ദി ലാസ്റ്റ് വിഷ് , സിങ് 2, ദി വൈൽഡ് റോബോട്ട് എന്നിവ പ്രദർശിപ്പിക്കും. ദി റെക് റൂം (The Rec Room), പ്ലേഡിയം (Playdium) എന്നീ കേന്ദ്രങ്ങളിലും രാവിലെ 9 മണി മുതൽ 11 മണി വരെ സന്ദർശകർക്ക് സൗജന്യമായി ഗെയിമുകൾ കളിക്കാനും വിനോദ പരിപാടികൾ ആസ്വദിക്കാനും സാധിക്കും. കമ്മ്യൂണിറ്റി ദിനം ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനൊപ്പം ആളുകളെ ഒന്നിപ്പിക്കാനും സഹായിക്കുന്ന പരിപാടിയാണെന്ന് സിനിപ്ലക്സ് പ്രസിഡൻ്റും സിഇഒയുമായ എല്ലിസ് ജേക്കബ് പറഞ്ഞു. സിനിമയുടെ ടിക്കറ്റുകൾ പരിപാടി നടക്കുന്ന ദിവസം ടിക്കറ്റ് വിൻഡോ സമയത്ത് തിയേറ്ററുകളിൽ നിന്ന് നേരിട്ട് മാത്രമേ എടുക്കാൻ കഴിയൂ. സിനിപ്ലക്സ് കമ്മ്യൂണിറ്റി ദിനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സിനിപ്ലക്സ് വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാണ്.