യുഎസ് സർക്കാരിൻ്റെ ഷട്ട്ഡൗൺ പ്രതിസന്ധി തുടരുന്നതിനിടെ രാജ്യത്തെ വ്യോമഗതാഗത മേഖല ഗുരുതരമായ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. ഷട്ട് ഡൌണിനെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ഉൾപ്പെടെയുള്ള ഏജൻസികളുടെ പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. ഇതോടെ എയർ ട്രാഫിക് കൺട്രോളർമാർ അടക്കമുള്ള ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഇത് ജീവനക്കാർ കൂട്ടത്തോടെ അവധിയെടുക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ക്ഷാമം കാരണം വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും പതിവായതോടെ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി രാജ്യത്തെ വ്യോമപാതകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നേക്കാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ദശലക്ഷക്കണക്കിന് വിമാനയാത്രക്കാരുടെ യാത്രാ പദ്ധതികളെ താളം തെറ്റിച്ചേക്കും. ഷട്ട്ഡൗൺ നീണ്ടുപോവുകയാണെങ്കിൽ വിമാനത്താവളങ്ങളിലെ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.
മതിയായ ജീവനക്കാരില്ലാത്തത് വ്യോമഗതാഗത നിയന്ത്രണത്തെയും സുരക്ഷാ പരിശോധനകളെയും ഗുരുതരമായി ബാധിക്കും. യാത്രാ തടസ്സങ്ങൾ ഒരു പരിധി വിട്ട് വർധിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെ വരികയും ചെയ്താൽ, വ്യോമപാത പൂർണ്ണമായും അടച്ചിടുന്ന നടപടിയിലേക്ക് യുഎസ് നീങ്ങിയേക്കാം. വ്യോമയാന ചരിത്രത്തിൽ തന്നെ അത്യപൂർവമായ നടപടിയാണിത്. വരും ദിവസങ്ങളിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ യാത്രകൾക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.