ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ഡിസംബര്‍ പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്, ഹൂസ്റ്റണ്‍ മലയാളി കമ്മ്യൂണിറ്റിയില്‍ ആവേശത്തിരയിളക്കത്തിന് തുടക്കമിട്ടിരിക്കുന്നു.
രണ്ട് ശക്തമായ പാനലുകള്‍ തമ്മിലുള്ള വാശിയേറിയ മത്സരം സംഘടനയില്‍ പുതിയ ഉണര്‍വ് നല്‍കുകയും, ചരിത്രപരമായ അംഗത്വ വര്‍ദ്ധനവിനും ഗണ്യമായ സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കുകയും ചെയ്തു. ഒക്ടോബര്‍ 11 ന് ന്യൂജേഴ്‌സിയില്‍ വച്ച് നടന്ന അന്താരാഷ്ട്ര മീഡിയ കോണ്‍ഫെററെന്‍സിനോടനുബന്ധിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) അമേരിക്കയിലെ ഏറ്റവും മികച്ച സംഘടനക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി അഭിമാനത്തോടെ നില്‍ക്കുമ്പോഴാണ് ഒരു തിരഞ്ഞെടുപ്പ് സമാഗതമാകുന്നത്.
റോയി മാത്യുവിന്റെയും (ടീം യുണൈറ്റഡ്) ചാക്കോ തോമസിന്റെയും (ടീം ഹാര്‍മണി) നേതൃത്വത്തിലുള്ള പാനലുകള്‍ തമ്മിലുള്ള തീവ്രമായ മത്സരം, ഈ സമയത്ത് സംഘടനാ ശാക്തീകരണത്തിനുള്ള ശക്തമായ ഉത്തേജകമാക്കി മാറ്റിയിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുമായും നേരിട്ട് സംവദിക്കാന്‍ ഇരു പാനലുകളെയും പ്രേരിപ്പിച്ചതിലൂടെ, മാഗിന്റെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ മത്സരത്തിന് സാധിച്ചു കൊണ്ടിരിക്കുന്നു.
ഹൂസ്റ്റണിലെ മലയാളി കൂട്ടായ്മകളിലും ആരാധനാലയങ്ങളിലും സന്ദര്‍ശനം നടത്തിക്കൊണ്ടുള്ള ഊര്‍ജ്ജിതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് വലിയ മുതല്‍ക്കൂട്ടായി.കേരളത്തിലെ തിരഞ്ഞെടുപ്പുകളെ കവച്ചു വയ്ക്കുന്ന പ്രചാരണപരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നു. രണ്ടു പാനലിനുമുള്ള നൂറു കണക്കിന് അംഗങ്ങള്‍ ഉള്ള വാട്‌സാപ്പു ഗ്രൂപ്പുകള്‍ 24 മണിക്കൂറും സജീവമാണ്.
ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി 300 ല്‍ പരം പുതിയ ആയുഷ്‌കാല അംഗത്വങ്ങള്‍ സംഘടനയ്ക്ക് ലഭിച്ചു. ഒക്ടോബര്‍ 31 നു മെമ്പര്‍ഷിപ്പ് ക്ലോസ് ചെയ്യുമ്പോള്‍ നല്ലൊരു തുക സംഘടനയ്ക്ക് വരുമാനം നേടാനായി എന്ന് മാഗ് പ്രസിഡണ്ട് ജോസ്.കെ.ജോണ്‍, സെക്രട്ടറി രാജേഷ് വര്ഗീസ്, ട്രഷറര്‍ സുജിത് ചാക്കോ എന്നിവര്‍ പറഞ്ഞു. മാഗിന്റെ പുതിയ ബില്‍ഡിംഗ് പ്രോജെക്ടിലേക്ക് ഒരു വലിയ സഹായമായി ഇത് മാറിയെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈ തീവ്രമായ മത്സരം സംഘടനയ്ക്ക് ഒരു 'അനുഗ്രഹമായി' മാറിയെന്നും, ഈ സംഖ്യാപരമായ വളര്‍ച്ച ആരോഗ്യകരമായ മത്സരത്തിന്റെ ഗുണപരമായ ഫലമാണെന്നും വിലയിരുത്തപ്പെടുന്നു. ഈ അംഗത്വ വര്‍ദ്ധനവും സാമ്പത്തിക മുന്നേറ്റവും ഒരു ചരിത്രനേട്ടമാണെന്ന് അവര്‍ അറിയിച്ചു.
സമവായത്തിന്റെ സാധ്യതകള്‍ അസ്തമിച്ചുവെന്നും രണ്ടു പാനലായി തന്നെ മത്സരരംഗത്തു സജീവമായി ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ അറിയിച്ചു.
ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രകിയയില്‍ ഹൂസ്റ്റണിലെ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ കിട്ടുന്ന ഒരു അവസരമായി ഈ തിരഞ്ഞെടുപ്പിനെ വളരെ പോസിറ്റീവായി ഈ ലേഖകനും വീക്ഷിക്കുന്നു. മത്സരിക്കുന്നവര്‍ എല്ലാവരും തന്നെ ഉറ്റ സൃഹുത്തുക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും തന്നെ അവരുടെ ഉറ്റ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. വിജയ പരാജയങ്ങള്‍ നോക്കാതെ ഒറ്റക്കെട്ടായി മാഗിനന്റെ നന്മക്കായി പ്രവര്‍ത്തിക്കുന്നു. അതാണ് മാഗ് പല സംഘടനകള്‍ക്കും മാതൃകയാക്കാവുന്ന ഹൂസ്റ്റണിലെ സംഘടനകളുടെ സംഘടന.
തിരഞ്ഞെടുപ്പ് പ്രക്രിയ സംഘടനയുടെ ആരോഗ്യത്തിലും ഭാവിയിലും ചെലുത്തുന്ന ഗുണപരമായ സ്വാധീനം ചെലുത്തുന്നു. 'രണ്ട് പാനലുകളുടെയും സജീവമായ പങ്കാളിത്തം മാഗിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന എന്ന പദവി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ കാണിക്കുന്ന ഈ ആവേശം, സംഘടനയുടെ ബില്‍ഡിംഗ് ഫണ്ട് പൂര്‍ത്തീകരണം പോലുള്ള സുപ്രധാന പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജം പകരുന്നുണ്ട്.' ഈ ഗുണപരമായ മുന്നേറ്റം ഡിസംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് സംഘടനയെ നയിക്കുമെന്ന് നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.
എല്ലാ മാഗ് അംഗങ്ങളും തിരഞ്ഞെടുപ്പ് ദിവസം കടന്നു വന്നു വോട്ടവകാശം ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉത്സവമാക്കി മാറ്റാം !