അടിസ്ഥാന സൌകര്യവികടനമടക്കം രാജ്യത്തിൻ്റെ സുസ്ഥിര ഭാവിക്കായി വലിയ തുക നിക്ഷേപിക്കാൻ ലക്ഷ്യമിട്ട് മാർക്ക് കാർണി സർക്കാരിൻ്റെ ആദ്യ ബജറ്റ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 141.4 ബില്യൺ ഡോളർ ചെലവഴിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ ചെലവുകൾ കുറച്ച് 51.7 ബില്യൺ ഡോളർ ലാഭിക്കാനും ശ്രമിക്കും. 78.3 ബില്യൺ ഡോളറിൻ്റെ കമ്മി ബജറ്റാണ് ഇത്തവണത്തേത്. മുൻ സർക്കാർ പ്രവചിച്ചതിനേക്കാൾ കൂടുതലാണിത്.
അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, സുരക്ഷ, ഭവന നിർമ്മാണ പദ്ധതികൾ എന്നിവയിലാണ് ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവയിൽ വലിയ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വ്യാപാര പ്രശ്നങ്ങളും യുദ്ധങ്ങളും പോലുള്ള ആഗോള പ്രതിസന്ധികൾ കാരണം കാനഡ ഒരു വലിയ മാറ്റത്തിൻ്റെ വക്കിലാണെന്ന് സർക്കാർ പറയുന്നു. 2025-ലും 2026-ലും കാനഡയുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം ഒരു ശതമാനം മാത്രം വളർച്ച നേടാനാണ് സാധ്യതയെന്നാണ് ബജറ്റ് പ്രവചിക്കുന്നത്. പണം ലാഭിക്കുന്നതിൻ്റെ ഭാഗമായി, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 40,000 സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്.
ഉയർന്ന കമ്മി അംഗീകരിക്കാൻ കഴിയില്ലെന്ന് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. തങ്ങൾ ബജറ്റിനെ പിന്തുണയ്ക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ കമ്മി നിലനിർത്താനും നികുതി കുറയ്ക്കാനുമാണ് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെടുന്നത്. ഇത് കനേഡിയൻ പൗരന്മാരുടെ ജീവിതച്ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു. ബജറ്റിന് അംഗീകാരം നേടാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ, ഉടൻ മറ്റൊരു തിരഞ്ഞെടുപ്പിന് സാധ്യതയുണ്ട്.
പുതിയ ഫെഡറൽ ബജറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്. പുതിയ ബജറ്റ് തങ്ങളുടെ ജീവിതച്ചെലവ് എങ്ങനെ കുറയ്ക്കുമെന്നാണ് കനേഡിയൻ പൗരന്മാർ ചോദിക്കുന്നത്. പുതിയ ബജറ്റിൽ വലിയ നികുതിയിളവുകളോ, പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള വ്യക്തമായ പദ്ധതികളോ ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർ ധാരാളം പണം ചെലവഴിക്കുന്നുണ്ടെങ്കിലും, കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നില്ലെന്ന് പലരും കരുതുന്നു. അതു കൊണ്ട് തന്നെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന വിശ്വാസവും അവർക്ക് കുറഞ്ഞു വരികയാണ്. ബജറ്റ് ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഭൂരിഭാഗം കനേഡിയൻ പൗരന്മാരും ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന ആശങ്കയിലാണ്.