ആൽബെർട്ടയിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നു: പലരും ഭക്ഷണം വാങ്ങാൻ പോലും കഷ്ടപ്പെടുന്നതായി റിപ്പോർട്ട്

By: 600110 On: Nov 5, 2025, 4:19 AM

ആൽബെർട്ടയിൽ ജീവിതച്ചെലവ് കുതിച്ചുയരുമ്പോൾ പലരും ഭക്ഷണം വാങ്ങാൻ പോലും കഷ്ടപ്പെടുന്നതായി റിപ്പോർട്ട്. സാൽവേഷൻ ആർമി പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, ആൽബെർട്ടയിലെ 73 ശതമാനം ആളുകളും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനം കൂടുതലാണിത്.  

ആൽബെർട്ടയിൽ താമസിക്കുന്നവരുടെ പ്രധാന ആശങ്ക വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവുമാണ് എന്ന് 86 ശതമാനം പേരും പറയുന്നു. മറ്റെല്ലാ പ്രവിശ്യകളിലുള്ളവരേക്കാൾ തങ്ങളുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഇവർക്ക് പ്രതീക്ഷ കുറവാണ്. മുൻപത്തേക്കാൾ കൂടുതൽ കുടുംബങ്ങളെ സഹായിക്കേണ്ടിവരുന്നു എന്ന് സാൽവേഷൻ ആർമിയും വ്യക്തമാക്കിയിട്ടുണ്ട്. പലർക്കും എല്ലാ ആഴ്ചയും ഭക്ഷ്യസഹായം ആവശ്യമായി വരുന്നുണ്ട്. എഡ്മൻ്റണിലെ കാസിൽഡൗൺസ് ശാഖയിൽ, അവർ ഓരോ ആഴ്ചയും 125 കുടുംബങ്ങൾക്കും, മാസത്തിൽ 4,000 ആളുകൾക്കും സഹായം നൽകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സംഖ്യ ഇരട്ടിയായി വർധിച്ചിട്ടുണ്ട്.

ആൽബർട്ടയിൽ താമസിക്കുന്നവരിൽ പകുതിയോളം പേർ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇറച്ചിയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ വർധിച്ചതോടെ കുടുംബത്തിനായി നല്ല ഭക്ഷണം വാങ്ങാൻ പോലും പലർക്കുമാകുന്നില്ല.