ഫെഡറൽ ബജറ്റ് ഇന്ന്, ഉറ്റുനോക്കി രാജ്യം

By: 600110 On: Nov 4, 2025, 1:09 PM

ഫെഡറൽ ബജറ്റ് ഇന്ന്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ശേഷമാണ് ഹൗസ് ഓഫ് കോമൺസിൽ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണത്തിന് മുന്നോടിയായി എം.പി.മാർ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ,  എന്നിവരുമായി കൂടിയാലോചനകൾ നടന്നിരുന്നു. 

2024 ഏപ്രിലിൽ അവതരിപ്പിച്ച മുൻ ബജറ്റിൽ $535 ബില്യൺ ഡോളറിൻ്റെ ചെലവുകളും $39 ബില്യൺ ഡോളറിൻ്റെ കമ്മിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഡിസംബറിലെ പുതുക്കിയ സാമ്പത്തിക പ്രസ്താവനയിൽ കമ്മി $48 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രവചിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക നില വ്യക്തമായി പ്രതിഫലിപ്പിക്കുന്ന സുതാര്യമായൊരു ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിനോട് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം.

കാനഡയിലെ പാർലമെൻ്ററി സമ്പ്രദായത്തിൽ, ഫെഡറൽ ബജറ്റിന് നിർണ്ണായക സ്ഥാനമാണുള്ളത്. ബജറ്റിന് ഭൂരിപക്ഷ പിന്തുണ നേടാൻ കഴിഞ്ഞില്ലെങ്കിൽ, നിലവിലെ സർക്കാർ രാജി വെക്കുകയോ അല്ലെങ്കിൽ പാർലമെന്റ് പിരിച്ചുവിടാൻ ഗവർണർ ജനറലിനോട് ആവശ്യപ്പെടുകയോ വേണം. നിലവിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് 169 സീറ്റുകളാണുള്ളത് .  ഭൂരിപക്ഷത്തേക്കാൾ മൂന്ന് സീറ്റുകൾ കുറവാണിത്. അതിനാൽ ബജറ്റ് പാസാക്കാനും അധികാരത്തിൽ തുടരാനും കാർണി സർക്കാരിന്  പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കണം. .