വിവാദ പരസ്യം പിൻവലിക്കാൻ പ്രധാന മന്ത്രി മാർക് കാർണി രണ്ടുതവണ വിളിച്ചെന്ന് പ്രീമിയർ ഡഗ് ഫോർഡ്

By: 600110 On: Nov 4, 2025, 10:23 AM

      
വിവാദമായ തീരുവ വിരുദ്ധ പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മാർക്ക് കാർണി തന്നെ രണ്ടുതവണ വിളിച്ചിരുന്നു എന്ന്  
ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്. ഇക്കാര്യം താൻ ഫോർഡിനോട് ആവശ്യപ്പെട്ടതായി മാർക് കാർണി നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. സംഭാഷണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ താൽപ്പര്യമില്ലെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള  മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഫോർഡിൻ്റെ ഉത്തരം. എന്നാൽ കാർണിയുടെ അഭിപ്രായത്തോട് താൻ യോജിക്കുന്നില്ലെന്നും ഫോർഡ് വ്യക്തമാക്കി. 

വിവാദ പരസ്യങ്ങൾ കാരണമാണ് താൻ വ്യാപാര ചർച്ചകൾ നിർത്തി വച്ചതെന്ന്  യുഎസ് പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. തുടർന്ന് പരസ്യങ്ങൾ പിൻവലിക്കാൻ ഫോർഡ് സമ്മതിച്ചെങ്കിലും, കുറച്ച് ദിവസത്തേക്ക് കൂടി അവ തുടർന്നും പ്രദർശിപ്പിച്ചു. ഇതേ തുടർന്ന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന കാർണി ഒന്നിലധികം തവണ പരസ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്ന് ഫോർഡ് പറഞ്ഞു.  എന്നാൽ തിങ്കളാഴ്ച പരസ്യം താൽക്കാലികമായി നിർത്താൻ പോകുകയാണെന്നും അതുവരെ പിൻവലിക്കില്ലെന്ന് മറുപടി നൽകിയതായും ഫോർഡ് വ്യക്തമാക്കി. ട്രംപും കാർണിയും  തമ്മിൽ  ഇപ്പോഴും മികച്ച ബന്ധമാണുള്ളത് എന്നും ഫോർഡ് കൂട്ടിച്ചേർത്തു