റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് എണ്ണ ഇറക്കുമതി കുറഞ്ഞത്. നവംബര്‍ 12 മുതലാണ് ഉപരോധം നിലവില്‍ വരുന്നത്.
ഒക്ടോബര്‍ 27 ആം തീയതി അവസാനിച്ച ആഴ്ചയില്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം പ്രതിദിനം 1.19 ദശലക്ഷം ബാരല്‍ ആയി ചുരുങ്ങിയിരുന്നു. അതിന് തൊട്ടുമുന്‍പുള്ള രണ്ട് ആഴ്ചകളിലെ 1.95 ബിപിഡിയില്‍ നിന്നായിരുന്നു ഈ വന്‍ ഇടിവ് എന്നതാണ് ശ്രദ്ധേയം. റോസ്‌നെഫ്റ്റില്‍ നിന്നും ലുക്കോയിലില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞതാണ് ഈ ഇടിവിന് കാരണം.
റഷ്യയിലെ എണ്ണ ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും ഭൂരിഭാഗവും ഈ കമ്പനികള്‍ വഴിയാണ് നടക്കുന്നത്. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ മൂന്നില്‍ രണ്ടുഭാഗവും മുന്‍പ് ഈ കമ്പനികള്‍ വഴിയായിരുന്നു.