കാനഡയിൽ നിന്ന് വാഹന നിർമ്മാണം അമേരിക്കയിലേയ്ക്ക് മാറ്റുന്നു എന്ന പ്രഖ്യാപനത്തെ തുടർന്ന് സ്റ്റെല്ലാൻ്റിസ് കമ്പനിക്ക് നല്കിയ ധനസഹായം തിരികെ ഈടാക്കുമെന്ന് കനേഡിയൻ സർക്കാർ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കാനഡ സർക്കാർ നല്കിയ പണമാണ് തിരികെ ഈടാക്കുമെന്ന് വ്യവസായ മന്ത്രി മെലാനി ജോളി വ്യക്തമാക്കിയത്. കാനഡയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിൽ കനേഡിയൻ സർക്കാർ അതൃപ്തി അറിയിച്ച് സ്റ്റെല്ലാൻ്റിസ് സിഇഒയ്ക്ക് കത്ത് നല്കിയതായും മന്ത്രി അറിയിച്ചു.
പ്ലാൻ്റ് അടച്ചു പൂട്ടുന്നതോടെ ബ്രാംപ്ടണിലെ 3,000-ത്തിലധികം തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കമ്പനിയുടെ തീരുമാനത്തിൽ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് നിരാശ പ്രകടിപ്പിക്കുകയും തൊഴിലാളികളെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ജോലികൾ സംരക്ഷിക്കുന്നതിനായി സ്റ്റെല്ലാൻ്റിസുമായും യൂണിയനുകളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഉത്പാദനം മാറ്റിയതിനെ തുടർന്ന് സ്റ്റെല്ലാൻ്റിസിൻ്റെ വിൻഡ്‌സർ പ്ലാൻ്റിലും ചില പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ട്.
യു.എസും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങളും താരിഫുകളും കാനഡയിലെ ഓട്ടോ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. സ്റ്റെല്ലാൻ്റിസിൻ്റെ നീക്കം കാനഡയുടെ ഓട്ടോമേറ്റീവ് മേഖലയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു വലിയ തിരിച്ചടിയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.