വിസ റദ്ദാക്കാൻ സർക്കാരിന് കൂടുതൽ അധികാരങ്ങൾ നല്കുന്ന പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി കനേഡിയൻ സർക്കാർ

By: 600110 On: Nov 4, 2025, 4:35 AM

വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് കൂടുതൽ അധികാരങ്ങൾക്കായി പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി കനേഡിയൻ സർക്കാർ. ഇന്ത്യയും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകരെയാണ് ഇതിലൂടെ കൂടുതൽ ലക്ഷ്യമിടുന്നതെന്നാണ് സൂചന. തട്ടിപ്പ് സംബന്ധിച്ച ആശങ്കകളാണ് ഇതിന് കാരണം.

തട്ടിപ്പ്, യുദ്ധം, പാൻഡെമിക്കുകൾ, തുടങ്ങിയ സാഹചര്യങ്ങളിൽ പുതിയ അധികാരങ്ങൾ ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാർലമെൻ്റിലെ പുതിയ പുതിയ ബില്ലിൽ ഇതിനുള്ള അധികാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വേഗത്തിൽ പാസാക്കാനാണ് സർക്കാരിൻ്റെ ശ്രമം. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയും (IRCC) ബോർഡർ സർവീസസ് ഏജൻസിയും (CBSA) യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് വ്യാജ വിസ അപേക്ഷകൾ കണ്ടെത്താനും റദ്ദാക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ആഭ്യന്തര രേഖകൾ സൂചിപ്പിക്കുന്നത്. 

ഈ അധികാരങ്ങൾ വൻതോതിലുള്ള നാടുകടത്തലിനും, ചില വിഭാഗക്കാരെ അന്യായമായി ലക്ഷ്യമിടുന്നതിനും വഴിവെക്കുമെന്ന് 300-ലധികം സംഘടനകൾ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ കൂട്ടത്തോടെ വിസ റദ്ദാക്കാനുള്ള ഏത് നടപടിക്കും സർക്കാരിൻ്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും, അത് പൊതുജനങ്ങളെ അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഈ നിയമം ഇന്ത്യക്കാരെയോ ബംഗ്ലാദേശുകാരെയോ ലക്ഷ്യമിട്ട് ഉപയോഗിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി പരസ്യമായി പറഞ്ഞിട്ടില്ല. എങ്കിലും, ആഭ്യന്തര രേഖകളിൽ ഈ രാജ്യങ്ങളെ വെല്ലുവിളികളായി പരാമർശിക്കുന്നുണ്ട്.  ഇന്ത്യൻ അപേക്ഷകർക്ക് അടുത്തിടെ കൂടുതൽ ഉയർന്ന നിരക്കിൽ വിസ നിരസിക്കൽനേരിടേണ്ടി വന്നിട്ടുണ്ട്.