കാനഡയും ഫിലിപ്പീൻസും സുപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾക്ക് സംയുക്ത സൈനികാഭ്യാസങ്ങൾ നടത്താൻ ഈ 'വിസിറ്റിംഗ് ഫോഴ്‌സസ് ഉടമ്പടി' (Status of Visiting Forces Agreement - SOVFA) വഴി സാധിക്കും. ഇന്തോ-പസഫിക് മേഖലയിൽ നിയമവാഴ്ചയും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നത്.
പുതിയ ഉടമ്പടിയിലൂടെ പ്രാദേശിക സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഇരു രാജ്യങ്ങൾക്കും കൂട്ടായി പ്രവർത്തിക്കാനാകുമെന്ന് ഫിലിപ്പൈൻ പ്രതിരോധ സെക്രട്ടറി ഗിൽബെർട്ടോ തിയോഡോറോ ജൂനിയർ വ്യക്തമാക്കി. ഇതു വഴി സൈനിക സഹകരണം, പരിശീലനം, തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. ഈ മേഖലയിലെ ഒരു ഏഷ്യൻ രാജ്യവുമായി കാനഡ ഒപ്പുവെക്കുന്ന ആദ്യത്തെ പ്രതിരോധ ഉടമ്പടിയാണിത്. സൈനികപരമായി കൂടുതൽ കരുത്തരായ ചൈനയെ നേരിടാൻ രാജ്യത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഫിലിപ്പീൻസ് പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിൻ്റെ ശ്രമങ്ങൾക്ക് ഈ കരാർ വലിയ പിന്തുണ നൽകും. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സമാനമായ ഉടമ്പടികൾ ഒപ്പുവെച്ചതിന് പിന്നാലെ ഫിലിപ്പീൻസ് ഒപ്പുവെക്കുന്ന അഞ്ചാമത്തെ സുപ്രധാന പ്രതിരോധ കരാറാണിത്.