അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി; 10 മരണം   

By: 600002 On: Nov 3, 2025, 9:04 AM

 


വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തി. 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 260 ലേറെ പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ഖുലും നഗരത്തിന് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 

പ്രാദേശിക സമയം അര്‍ധരാത്രി 12.59 ന് ആണ് ഭൂചലനം ഉണ്ടായതെന്ന് താലിബാന്റെ പൊതുജനാരോഗ്യ മന്ത്രാലയം വക്താവ് ഷറഫത് സമന്‍ അറിയിച്ചു. ബല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളെയും ഭൂചലനം ബാധിച്ചിട്ടുണ്ട്. പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ബ്ലൂ മോസ്‌ക് ഇരിക്കുന്ന മേഖലയിലും നാശനഷ്ടങ്ങളുണ്ടായി. 

പള്ളിയുടെ മതിലുകളില്‍ നിന്ന് നിരവധി ഇഷ്ടികകള്‍ താഴെവീണെങ്കിലും പള്ളിക്ക് കാര്യമായ കേടുപാടുകളില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണിത്. ഇവിടുന്നുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.