ഒൻ്റാരിയോയുടെ തീരുവ വിരുദ്ധ പരസ്യം അമേരിക്കയിൽ സംപ്രേക്ഷണം ചെയ്ത സംഭവത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് മാപ്പ് പറഞ്ഞതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പരസ്യത്തിൽ യുഎസ് പ്രസിഡൻ്റ് അതൃപ്തനായിരുന്നു, എന്നും അതുകൊണ്ട് പ്രസിഡൻ്റിനോട് മാപ്പ് പറഞ്ഞുവെന്നുമായിരുന്നു കാർണി വ്യക്തമാക്കിയത്.
യുഎസ് പ്രസിഡൻ്റുമായുള്ള ബന്ധത്തിൻ്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി എന്ന നിലയിൽ തനിക്കാണെന്നും, യുഎസ് ഗവൺമെൻ്റുമായുള്ള വിദേശ ബന്ധത്തിൻ്റെ ഉത്തരവാദി ഫെഡറൽ ഗവൺമെൻ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ എയർഫോഴ്സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കാർണി പരസ്യത്തിൻ്റെ പേരിൽ മാപ്പ് പറഞ്ഞിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. തനിക്ക് കാർണിയുമായി വളരെ നല്ല ബന്ധമുണ്ടെന്നും അദ്ദേഹത്തെ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.