ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഹാലോവീൻ മധുര പലഹാരത്തിൽ അപകടകരമായ വസ്തു കണ്ടെത്തി. ഇതേ തുടർന്ന് പോലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ക്ലേട്ടൺ ഹൈറ്റ്‌സ് പരിസരത്ത് താമസിക്കുന്ന ഒരു രക്ഷിതാവാണ് തങ്ങളുടെ കുട്ടിക്ക് ലഭിച്ചൊരു റീസസ് പീനട്ട് ബട്ടർ കപ്പിനുള്ളിൽ ഒരു മെറ്റൽ സ്റ്റേപ്പിൾ (Metal Staple) കണ്ടെത്തിയത്.
സംഭവം അന്വേഷിക്കാൻ സറേ പോലീസ് സർവീസ് (SPS) ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. മിഠായി എവിടെ നിന്ന് എത്തി എന്നും സ്റ്റേപ്പിൾ എങ്ങനെ അതിനുള്ളിൽ വന്നു എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. സംഭവത്തെ തുടർന്ന് കുട്ടികളുടെ ഹാലോവീൻ മിഠായികൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് SPS എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമോ അപകടകരമോ ആയ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണം. ഹാലോവീൻ കഴിഞ്ഞാലും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്ന് പോലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.