കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കൈവശം വെയ്ക്കുന്നതിനോ, ലഭ്യമാക്കുന്നതിനോ ഉള്ള ഒരു വർഷത്തെ നിർബന്ധിത കുറഞ്ഞ തടവുശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് കാനഡയിലെ സുപ്രീം കോടതി വിധിച്ചു. എല്ലാ കേസുകൾക്കും ഒരു നിശ്ചിത ജയിൽ ശിക്ഷ നൽകുന്നത്, നീതിയുക്തമായ ശിക്ഷകൾ വിധിക്കുന്നതിനുള്ള ന്യായാധിപന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു എന്ന് കോടതി പറഞ്ഞു.
ഒൻ്റാരിയോ, ആൽബെർട്ട തുടങ്ങിയ പ്രവിശ്യകളിലെ പ്രീമിയർമാർ ഉൾപ്പെടെ നിരവധി കൺസർവേറ്റീവ് രാഷ്ട്രീയക്കാർ ഈ വിധിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ഈ നിയമം ഭരണഘടനയുടെ പ്രത്യേക "നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ്" ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ അവർ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളെ തടയുന്നതിന് ശക്തമായ തടവുശിക്ഷകൾ ആവശ്യമാണെന്നാണ് അവർ വാദിക്കുന്നത്.
എല്ലാ സാഹചര്യങ്ങളെയും ന്യായാധിപന്മാർ വ്യക്തിഗതമായി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വിശദീകരിച്ചു. ഉദാഹരണത്തിന്, ആവശ്യപ്പെടാതെ ഒരു ഫോട്ടോ ലഭിക്കുന്ന 18 വയസ്സുള്ള വ്യക്തിക്ക് പോലും ഈ നിയമപ്രകാരം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇത് കഠിനമാണെന്നും കോടതി വിലയിരുത്തി. ആളുകൾ ശിക്ഷയിൽ നിന്ന് പൂർണ്ണമായും ഒഴിവാകുമെന്നല്ല ; പകരം സംഭവിച്ചതിൻ്റെ അടിസ്ഥാനത്തിൽ ശിക്ഷ തീരുമാനിക്കാൻ ന്യായാധിപന്മാരെ അനുവദിക്കുന്നതാണ് ഈ വിധിയെന്നും കോടതി വ്യക്തമാക്കി.