അമേരിക്കയിൽ നിർബന്ധിത ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഈ വർഷം 7,200-ൽ അധികം ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി. ഇന്ത്യൻ വംശജരായ ഡ്രൈവർമാർ ഉൾപ്പെട്ട വലിയ അപകടങ്ങളെ തുടർന്നാണ് യു.എസ്. ഗതാഗത വകുപ്പ് നടപടി ശക്തമാക്കിയത്. ലൈസൻസ് നഷ്ടപ്പെട്ട ഡ്രൈവർമാരിൽ ഭൂരിഭാഗവും ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരും റിക്രൂട്ട്‌മെൻ്റ് ശൃംഖലകൾ വഴി അമേരിക്കയിൽ ജോലി ചെയ്യുന്നവരുമാണ്.
റോഡരികിൽ വച്ചുള്ള ഇംഗ്ലീഷ് ടെസ്റ്റുകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 7,248 ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതായി യു.എസ്. ഗതാഗത സെക്രട്ടറി അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, സൈൻ ബോർഡുകൾ മനസ്സിലാക്കുന്നതിനും, ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനും ഡ്രൈവർമാർക്ക് ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും കഴിയണമെന്നാണ് നിയമം. എന്നാൽ കാലിഫോർണിയ പോലുള്ള ചില സംസ്ഥാനങ്ങൾ കർശനമായ ഇംഗ്ലീഷ് പരിശോധനകളില്ലാതെ ലൈസൻസ് നൽകുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
അടിസ്ഥാന ചോദ്യങ്ങൾ, റോഡ് അടയാളങ്ങൾ തിരിച്ചറിയൽ എന്നിവയാണ് ടെസ്റ്റിൽ ഉൾപ്പെടുന്നത്; ഇതിൽ പരാജയപ്പെടുന്നവർക്ക് വിലക്കേർപ്പെടുത്തും. വിലക്കേർപ്പെടുത്തിയ ഡ്രൈവർമാരിൽ ഭൂരിഭാഗവും പഞ്ചാബി, ഹരിയാൻവി പശ്ചാത്തലമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. ഈ നടപടി ഗതാഗത മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ട്രക്കിംഗ് കമ്പനികൾ അറിയിച്ചു.