സറേയിലെ വെടിവെപ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് ഗ്രൂപ്പ്, രണ്ട് പേർ അറസ്റ്റിൽ

By: 600110 On: Nov 1, 2025, 9:06 AM

 

സറേയിൽ പുലർച്ചെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതന്നൊണ് പോലീസ് നിഗമനം. വ്യാഴാഴ്ച പുലർച്ചെ ഏകദേശം രണ്ട് മണിയോടെ 56-ആം അവന്യൂവിലെയും കിംഗ് ജോർജ് ബൗൾവാർഡിലെയും ഒരു വീട്ടിലാണ് വെടിവെപ്പ് നടന്നത്. ഈ സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.  

സമാനമായ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ വെടിവെപ്പും ഉണ്ടായിരിക്കുന്നത്. കുപ്രസിദ്ധ ഗ്രൂപ്പായ ബിഷ്ണോയ് സംഘമാണ് ഇത്തരത്തിലുള്ള പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.  സംഭവത്തിൽ ബിഷ്ണോയ് സംഘത്തിന് നേരിട്ട് പങ്കുണ്ടോ അതോ ഓൺലൈൻ വഴിയുള്ള അവകാശവാദം മാത്രമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സറേ പോലീസ് സർവീസിലെ സർജൻ്റ് ടൈഗ് പൊള്ളോക്ക്  പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് അന്വേഷണത്തിന് കൂടുതൽ സഹായകമാക്കുമെന്ന് പൊലീസ് വിലയിരുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.