അമേരിക്കയിലെ മിഷിഗണിൽ ഹാലോവീൻ വീക്കെൻഡിൽ ഭീകരർ നടത്താൻ പദ്ധതിയിട്ട ആക്രമണം തടഞ്ഞതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് പട്ടേൽ ഇക്കാര്യം അറിയിച്ചത്. നിരവധി പ്രതികളെ മിഷിഗണിൽ നിന്ന് അറസ്റ്റ് ചെയ്തെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി 24 മണിക്കൂറും കാവൽ നിൽക്കുന്ന എഫ്ബിഐയിലെയും മറ്റ് നിയമ നിർവ്വഹണ ഏജൻസികളിലെയും ഉദ്യോഗസ്ഥർക്ക് പട്ടേൽ നന്ദി അറിയിക്കുകയും ചെയ്തു.
അറസ്റ്റിലായ പ്രതികളെക്കുറിച്ചോ, ആക്രമണത്തിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, മിഷിഗണിലെ ജനങ്ങൾക്ക് നിലവിൽ ഭീഷണിയൊന്നുമില്ലെന്ന് എഫ്ബിഐ ഉറപ്പ് നൽകി. ആഭ്യന്തര സുരക്ഷയെ പ്രതിരോധിക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയ എഫ്ബിഐയിലെയും നിയമ നിർവ്വഹണ ഏജൻസികളിലെയും എല്ലാവർക്കും നന്ദിയെന്ന് പട്ടേൽ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ആക്രമണം തടഞ്ഞതിലൂടെ ഒരു വലിയ ദുരന്തമാണ് ഒഴിവാക്കാനായതെന്നും എഫ്ബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു.