ഒൻ്റാരിയോയുടെ വിവാദ പരസ്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാപ്പ് ചോദിച്ചതായി ഡോണൾഡ് ട്രംപ്

By: 600110 On: Nov 1, 2025, 8:17 AM

 

തീരുവകൾക്കെതിരെ ഒൻ്റാരിയോ സർക്കാർ നൽകിയ ടിവി പരസ്യത്തിൻ്റെ പേരിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മാപ്പ് ചോദിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.  അതേസമയം, കാനഡയും യുഎസും തമ്മിലുള്ള നിർത്തിവെച്ച വ്യാപാര ചർച്ചകൾ ഉടൻ പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ആസിയാൻ ഉച്ചകോടിയിൽ വെച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫ്ലോറിഡയിലേക്ക് പോകുന്നതിനിടെ എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.  കാർണിയുമായി നല്ല ബന്ധമുണ്ടന്നും അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നും ട്രംപ് കൂട്ടിച്ചേർത്തു. കാർണിയെ പ്രശംസിച്ച ട്രംപ്, ഒരു തെറ്റായ പരസ്യമായതുകൊണ്ടാണ്  അതുമായി ബന്ധപ്പെട്ട് അദ്ദേഹം ക്ഷമ ചോദിച്ചത് എന്നും  പറഞ്ഞു.  അതേ സമയം കാർണിയുടെ ക്ഷമാപണത്തെ കുറിച്ച്   പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.  ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കായി ദക്ഷിണ കൊറിയയിൽ തുടരുന്ന പ്രധാനമന്ത്രി മാർക്ക് കാർണി ഈ വിഷയത്തിൽ പ്രതികരിക്കുമെന്നാണ് റിപ്പോർട്ട്.  വിവാദ പരസ്യത്തെ തുടർന്ന് യുഎസ്-കാനഡ വ്യാപാര ചർച്ചകൾ നിർത്തി വെച്ചിരിക്കുകയാണ്.