ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, കൂടുതൽ ഉദ്യോഗസ്ഥരെ അവിടേക്ക് നിയോഗിച്ച് RCMP. ഇതിൻ്റെ ഭാഗമായി യൂണിഫോം ഗാങ് എൻഫോഴ്സ്മെൻ്റ് ടീം, കംബൈൻഡ് ഫോഴ്സസ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് പോലുള്ള പ്രത്യേക ടീമുകൾ പ്രാദേശിക ഉദ്യോഗസ്ഥരോടൊപ്പം ചേരും. ഏകദേശം 12,400 ആളുകൾ താമസിക്കുന്ന ഈ ചെറിയ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെടിവെപ്പുകളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. ഇത് ഒരാളുടെ മരണത്തിനും ഇടയാക്കി. ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണങ്ങളെല്ലാം ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് കരുതുന്നത്.
കുറച്ച് വർഷങ്ങളായി ഡോസൺ ക്രീക്കിൽ അക്രമ സംഭവങ്ങളും കുറ്റകൃത്യങ്ങളും കൂടിവരികയാണ്. 2021 മുതൽ 11 പേരെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. 2014-ൽ നഗരത്തിൽ ഒരൊറ്റ കൊലപാതകം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. അക്രമ സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് RCMP ഇൻസ്പെക്ടർ സ്റ്റീവ് മക്ലിയോഡ് പറഞ്ഞു. ശക്തമായ നിയമ നിർവ്വഹണത്തിലൂടെ ഡോസൺ ക്രീക്കിൻ്റെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.