കുടിയേറ്റം നഗരത്തിന് ഗുണകരമല്ലെന്ന് വിശ്വസിക്കുന്നവരാണ് എഡ്മൻ്റൺ നിവാസികളിൽ പകുതിയിലധികം പേരുമെന്ന് സർവ്വെ

By: 600110 On: Oct 31, 2025, 10:37 AM

 

കുടിയേറ്റം നഗരത്തിന് ഗുണകരമല്ലെന്ന് വിശ്വസിക്കുന്നവരാണ് എഡ്മൻ്റൺ നിവാസികളിൽ പകുതിയിലധികം പേരുമെന്ന് സർവ്വെ. സിറ്റി ന്യൂസ് കാനഡ പൾസ് ഇൻസൈറ്റ്‌സ് നടത്തിയ സർവേ അനുസരിച്ച് 53 ശതമാനം ജനങ്ങളും കുടിയേറ്റ നിരക്കുകൾ നിലവിലെ കുറഞ്ഞ അളവിൽ തന്നെ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്.  കുടിയേറ്റം തല്ക്കാലത്തേക്കെങ്കിലും പൂർണ്ണമായും നിർത്തണം എന്ന് അഭിപ്രായപ്പെടുന്നവരാണ് 37 ശതമാനം പേർ. നിയന്ത്രണങ്ങൾ ലഘൂകരിച്ച് രാജ്യം കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവരണമെന്ന് കരുതുന്നത് പത്തിൽ ഒരാൾ മാത്രമാണ്.

ആശുപത്രികളിലെ തിരക്ക്, ഭവനക്ഷാമം, തൊഴിൽ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണം വർധിച്ചുവരുന്ന കുടിയേറ്റമാണെന്നാണ് പല എഡ്മൻ്റൺ നിവാസികളും കരുതുന്നത്. ഉയർന്ന വിദേശ തൊഴിലാളികളുടെ എണ്ണം കാരണമാണ് യുവാക്കൾക്ക് ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുന്നതെന്ന് എഴുപത് ശതമാനത്തോളം പേർ വിശ്വസിക്കുന്നു. തൊഴിൽ കുറവ് നികത്തുന്നതിന് പകരം, പണം ലാഭിക്കാനാണ് കമ്പനികൾ വിദേശ തൊഴിലാളികളെ കൂടുതലായി നിയമിക്കുന്നതെന്നാണ് പത്തിൽ എട്ട് പേരും അഭിപ്രായപ്പെട്ടത്. മൊത്തത്തിൽ, 52 ശതമാനം പേർ കരുതുന്നത് കുടിയേറ്റക്കാർ എഡ്മൻ്റണിലെ ജീവിതം മെച്ചപ്പെടുത്തുന്നില്ല എന്നാണ്.

എങ്കിലും, 63 ശതമാനം പേർ കുടിയേറ്റം നിലനിർത്തുന്നതിനെയോ അല്ലെങ്കിൽ അൽപ്പം വർദ്ധിപ്പിക്കുന്നതിനെയോ പിന്തുണയ്ക്കുന്നു, ഇതിൽ മിക്കവരും വിദഗ്ദ്ധ തൊഴിലാളികളെയും ബിസിനസ് കുടിയേറ്റക്കാരെയും ആണ് ഇഷ്ടപ്പെടുന്നത്. കുടിയേറ്റ കാര്യങ്ങൾ ഏത് സർക്കാർ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ ഭിന്ന അഭിപ്രായങ്ങളാണ് നിലനില്ക്കുന്നത്. 41 ശതമാനം പേർ  ഫെഡറൽ സർക്കാർ കൈകാര്യം ചെയ്യണമെന്നും 19 ശതമാനം  പ്രവിശ്യാ സർക്കാർ  എന്നും, 33 ശതമാനം പേർ  യോജിച്ചുള്ള നിയന്ത്രണം വേണമെന്നും അഭിപ്രായപ്പെടുന്നു.