ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘകാല പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു 

By: 600002 On: Oct 31, 2025, 9:14 AM

 


പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘകാല പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. 

വിവരങ്ങള്‍ പങ്കുവയ്ക്കല്‍, സാങ്കേതിക സഹകരണം, ഏകോപനം എന്നിവയില്‍ സഹകരണം ഉറപ്പുവരുത്തുന്ന 10 വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ ചട്ടക്കൂടിനാണ് ഇരുവരും ഒപ്പുവെച്ചത്. ക്വലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. 

ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഉറപ്പുവരുത്തല്‍, പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിര്‍മാണം, സാങ്കേതിക വിദ്യാ കൈമാറ്റം എന്നീ കാര്യങ്ങളും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. സൈനിക സഹകരണം ആഴത്തിലാക്കുകയും, പരസ്പരം താവളങ്ങള്‍, ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ എന്നിവ തടസ്സങ്ങളിലാതെ ഉപയോഗിക്കാന്‍ സഹായിക്കുകയും ചെയ്യും.