കാനഡയിൽ തൊഴിലവസരങ്ങൾ ഏഴുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ: സ്റ്റാറ്റ്കാൻ റിപ്പോർട്ട്

By: 600110 On: Oct 31, 2025, 7:16 AM

 

കാനഡയിൽ തൊഴിലവസരങ്ങൾ ഏഴുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ: സ്റ്റാറ്റ്കാൻ റിപ്പോർട്ട്. തൊഴിലവസരങ്ങൾ 2017-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയതായാണ് പുതിയ സർക്കാർ കണക്കുകൾ. സ്റ്റാറ്റിസ്റ്റിക്സ് കാനഡ (StatCan) റിപ്പോർട്ട് പ്രകാരം, 2025 ഓഗസ്റ്റ് മാസത്തിൽ രാജ്യത്തെ തൊഴിലവസരങ്ങളുടെ എണ്ണം 457,400 ആയി കുറഞ്ഞു. മുൻവർഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 15.2 ശതമാനത്തിൻ്റെ കുറവാണ് ഇത്. അതായത്, 82,100 തൊഴിലവസരങ്ങൾ ഇല്ലാതായി.

തൊഴിലില്ലാത്ത വ്യക്തികളും ഒഴിവുള്ള ജോലികളും തമ്മിലുള്ള അനുപാതം വർധിച്ചതാണ് മറ്റൊരു പ്രധാന സൂചന. ഓഗസ്റ്റിൽ ഓരോ തൊഴിലവസരത്തിനും 3.5  ജോബ് സീക്കേഴ്സ് ആണ് ഉണ്ടായിരുന്നത്. ഇത് ജൂലൈയിലെ 3.3-നേക്കാൾ കൂടുതലാണ്. കോവിഡ്  കാലയളവ് (2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ) ഒഴിച്ചുനിർത്തിയാൽ, 2016 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന അനുപാതമാണിത്. ഈ കണക്കുകൾ കനേഡിയൻ തൊഴിൽ വിപണിയിലെ സമ്മർദ്ദമാണ് എടുത്തു കാണിക്കുന്നത്.

തൊഴിലവസരങ്ങൾ കുറയുന്നതിനൊപ്പം, ജോലി കണ്ടെത്താൻ കഴിയാത്ത കനേഡിയൻമാരുടെ എണ്ണവും വർധിക്കുന്നു. ഓഗസ്റ്റ് മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് മുൻവർഷത്തെ 7.1 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി ഉയർന്നു, സെപ്റ്റംബറിലും ഇതേ നിരക്ക് തന്നെ തുടർന്നു. ഇത്, ജോലി അന്വേഷിക്കുന്നവർക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാകുന്നു എന്നതിൻ്റെ സൂചനയാണ് നൽകുന്നത്.