ഒൻ്റാരിയോയുടെ താരിഫ് വിരുദ്ധ പരസ്യത്തിൻ്റെ പേരിൽ പ്രവിശ്യയുടെ വ്യാപാര പ്രതിനിധിയോട് യു.എസ്. അംബാസിഡർ പീറ്റ് ഹോക്സ്ട്ര ക്ഷുഭിതനായതായ സംഭവത്തിൽ അംബാസിഡർ മാപ്പ് പറയണമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഓട്ടവയിൽ നടന്നൊരു പരിപാടിയിൽ വെച്ച് ഒൻ്റാരിയോയുടെ വ്യാപാര പ്രതിനിധി ഡേവിഡ് പാറ്റേഴ്സണിനോട് ഹോക്സ്ട്ര അസഭ്യം പറയുകയും മോശമായി സംസാരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
യു.എസ്. പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒൻ്റാരിയോ പുറത്തിറക്കിയ താരിഫ് വിരുദ്ധ പരസ്യത്തെച്ചൊല്ലിയായിരുന്നു തർക്കം. ഒരു അംബാസഡർക്ക് ചേർന്നതല്ല ഈ പെരുമാറ്റമെന്നും, പാറ്റേഴ്സണെ വിളിച്ച് ഹോക്സ്ട്ര മാപ്പ് പറയുന്നതാണ് ശരിയെന്നും ഫോർഡ് അഭിപ്രായപ്പെട്ടു. മുൻ യുഎസ് പ്രസിഡൻ്റ് റൊണാൾഡ് റീഗൻ്റെ വാക്കുകൾ ഉപയോഗിച്ചുള്ള ഈ പരസ്യം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അധിക താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒൻ്റാരിയോയുടെ ഓട്ടോമേറ്റീവ് മേഖലയെ സംരക്ഷിക്കുന്നതിൽ വ്യാപാര ചർച്ചകൾ പരാജയപ്പെട്ടുവെന്നും, പ്രവിശ്യയെയും രാജ്യത്തെയും ആക്രമിക്കുമ്പോൾ വെറുതെയിരിക്കില്ലെന്നും ഫോർഡ് തൻ്റെ പരസ്യ കാമ്പയിനെ ന്യായീകരിച്ചു. തർക്കത്തെത്തുടർന്ന് പരസ്യം നിർത്തിവെക്കാൻ ഫോർഡ് സമ്മതിച്ചിരുന്നു.