അക്രമത്തെ ഭയന്നാണ് പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്നതെന്ന് മെട്രോ വാൻകൂവർ നിവാസികൾ. മെട്രോ വാൻകൂവറിലെ ജനങ്ങളിൽ പകുതിയിലധികം പേരും പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ അക്രമത്തെ ഭയപ്പെടുന്നു എന്നാണ് പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. സിറ്റി ന്യൂസിന് വേണ്ടി കാനഡ പൾസ് ഇൻസൈറ്റ്സ് നടത്തിയ ഈ സർവേയിൽ, 55% ആളുകളും ബസ്സുകളിലോ സ്കൈട്രെയിനിലോ വച്ച് ആക്രമിക്കപ്പെടുമോ എന്ന ആശങ്കയുള്ളവരാണ്.
അയൽപക്കങ്ങളിൽ സുരക്ഷിതരാണെന്ന് തോന്നുന്നുണ്ടെങ്കിലും, പൊതുഗതാഗത യാത്രകളിൽ ഇതേ സുരക്ഷിതത്വം അനുഭവിക്കുന്നില്ലെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. തങ്ങൾ ബസ്സുകളിൽ പലപ്പോഴും വഴക്കുകൾ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പല യാത്രക്കാരും വ്യക്തമാക്കി. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കണ്ടതായും മറ്റുള്ളവർ സൂചിപ്പിച്ചു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൂടിയിട്ടില്ലെന്നും 2022 മുതൽ കുറഞ്ഞതായും ട്രാൻസിറ്റ് പോലീസ് വ്യക്തമാക്കി. വാർത്തകളും സോഷ്യൽ മീഡിയയും കാരണമാണ് ആളുകൾക്ക് ഭയം കൂടുതൽ തോന്നുന്നതെന്നും പൊലീസ് അറിയിച്ചു.
ട്രാൻസിറ്റ് ക്രൈം കുറഞ്ഞുവരുന്നതായാണ് പുതിയ കണക്കുകൾ കാണിക്കുന്നതെന്ന് ട്രാൻസ്‌ലിങ്കും അവകാശപ്പെട്ടു. യാത്രക്കാർക്ക് പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ 87-77-77 എന്ന നമ്പറിൽ ട്രാൻസിറ്റ് പോലീസിന് ടെക്സ്റ്റ് മെസ്സേജ് അയക്കാവുന്നതാണ്.