ബാങ്ക് ഓഫ് കാനഡ പലിശ നിരക്കിൽ 25 ബേസിസ് പോയിൻ്റിൻ്റെ (0.25%) കുറവ് വരുത്തി. ഇതോടെ പലിശ നിരക്ക് 2.25 ശതമാനമായി കുറഞ്ഞു. കമേഴ്സ്യൽ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് വായ്പ നൽകുമ്പോൾ ഈ നിരക്കിനെയാണ് മാനദണ്ഡമാക്കുന്നത്. അതിനാൽ, ഭവനവായ്പ പോലെ വേരിയബിൾ നിരക്കിലുള്ള വായ്പയെടുത്തവർക്ക് പലിശയിനത്തിലുള്ള ചെലവ് കുറയാൻ സാധ്യതയുണ്ട്. പുതിയ വായ്പകൾക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകളും ലഭ്യമായേക്കും.
2024ൽ അഞ്ച് ശതമാനത്തോളമായിരുന്ന പലിശ നിരക്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ക്രമേണ കുറച്ചു കൊണ്ടുവന്നത്. ഈ വർഷം ഇത് നാലാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കിൽ കുറവ് വരുത്തുന്നത്. സെപ്റ്റംബറിലായിരുന്നു ഇതിനു മുൻപ് പലിശ നിരക്കിൽ കുറവ് വരുത്തിയത്. ഈ നീക്കം വായ്പ എടുത്തവർക്ക് ആശ്വാസം നൽകുമെങ്കിലും, അന്താരാഷ്ട്ര വ്യാപാര മേഖലയിലെ തർക്കങ്ങൾ കേന്ദ്ര ബാങ്കിൻ്റെ ഭാവി തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തും. വ്യാപാര യുദ്ധവും താരിഫുകളും സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ബാങ്ക് ഓഫ് കാനഡ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.