ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണല്‍ സ്‌പെഷ്യല്‍ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതിന് പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
2022 മാര്‍ച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയില്‍ ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, ഷീബ, മെഹ്‌റിന്‍, അസ്‌ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോള്‍ ഒഴിച്ച് ചുട്ട് കൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തര്‍ക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം.
നിഷ്‌കളങ്കരായ രണ്ട് കുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ ഈ കേസ് വാദിച്ചിരുന്നത്.