ആൽബർട്ടയിൽ പൊതു പണിമുടക്കിന് തയ്യാറെടുത്ത് പ്രധാന യൂണിയനുകൾ

By: 600110 On: Oct 30, 2025, 8:26 AM

 

ആൽബർട്ടയിൽ പൊതു പണിമുടക്കിന് തയ്യാറെടുത്ത് പ്രധാന യൂണിയനുകൾ. പണിമുടക്കുന്ന അധ്യാപകരെ തിരികെ ജോലിക്ക് പ്രവേശിപ്പിക്കാനായി നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ് ഉപയോഗിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പുറത്ത് വന്നത്.

ആൽബർട്ടയിലുടനീളം ഒരു പണിമുടക്കിനായി യൂണിയനുകൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആൽബർട്ട ഫെഡറേഷൻ ഓഫ് ലേബർ പ്രസിഡൻ്റ് ഗിൽ മക്ഗവൻ പറഞ്ഞു. ഒരു പൊതു പണിമുടക്ക് അനിവാര്യമാവുകയാണെങ്കിൽ, അത്തരമൊരു നീക്കത്തിലേക്ക് കടക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഈ ആഴ്ച പാസാക്കിയ ബാക്ക് ടു സ്കൂൾ ആക്റ്റിൻ്റെ പശ്ചാത്തലത്തിൽ തങ്ങളുടെ വിലപേശൽ അവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുകയാണ് ലക്ഷ്യം. നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസിൻ്റെ ഉപയോഗം തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

തീയതി നിശ്ചയിക്കുന്നതിന് മുൻപ് അംഗങ്ങൾക്കിടയിൽ സർവേ നടത്തും. ഇതിനായി 350,000-ത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന "കോമൺ ഫ്രണ്ടും" യൂണിയനുകൾ രൂപീകരിക്കുന്നുണ്ട്. നിയമനിർമ്മാതാക്കളെ തിരിച്ചുവിളിക്കാൻ ശ്രമിക്കുക (recall legislators), സ്ട്രൈക്ക് ഫണ്ട് രൂപീകരിക്കുക തുടങ്ങിയ നടപടികൾക്കും യൂണിയനുകൾ പദ്ധതിയിടുന്നുണ്ട്. യൂണിയനുകളുടെ പ്രഖ്യാപനത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല