ബ്രിട്ടീഷ് കൊളംബിയയിലെ വാടക യൂണിറ്റുകളിൽ 'വേക്കൻസി കൺട്രോൾ' (Vacancy Control) തിരികെ കൊണ്ടുവരാനായി പുതിയൊരു ബിൽ അവതരിപ്പിച്ച് ഗ്രീൻ പാർട്ടി. വാടകക്കാർ ഒഴിഞ്ഞുപോകുമ്പോൾ വാടക ഇഷ്ടമുള്ളത്ര വർദ്ധിപ്പിക്കുന്നതിൽ നിന്ന് ഭൂവുടമകളെ തടയുകയാണ് വാക്കൻസി കൺട്രോളിലൂടെ ഉദ്ദേശിക്കുന്നത്.
നിലവിലുള്ള താമസക്കാരുടെ വാടക വർദ്ധിപ്പിക്കുന്നതിന് മാത്രമാണ് ഇപ്പോൾ പരിധിയുള്ളത്. എന്നാൽ, വാടകക്കാർ മാറുമ്പോൾ വാടക വർദ്ധിപ്പിക്കുന്നതിന് പരിധികളില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് വാക്കൻസി കൺട്രോൾ നീക്കം ചെയ്തതു മുതൽ, വാടകക്കാരെ സംബന്ധിച്ച് കാനഡയിൽ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിൽ ഒന്നായി ബി.സി. മാറിയെന്ന് ഗ്രീൻ പാർട്ടി പറയുന്നു. വാടക വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രം ഭൂവുടമകൾ താമസക്കാരെ അന്യായമായി ഒഴിപ്പിക്കുന്നത് തടയാൻ പുതിയ നിയമം സഹായിക്കുമെന്നും ഗ്രീൻ പാർട്ടി നേതാക്കൾ വ്യക്തമാക്കി.
ബി.സി-യിലെ മൂന്നിലൊന്ന് ആളുകൾ വാടകക്കാരാണ്. എന്നാൽ നിലവിലെ സർക്കാർ വാടകക്കാർക്ക് മുൻഗണന നല്കുന്നില്ലെന്ന് ഗ്രീൻ പാർട്ടി നേതാക്കൾ പറയുന്നു. അധിക ലാഭമുണ്ടാക്കാൻ വേണ്ടി മാത്രം വാടകക്കാരെ നിർബന്ധിച്ച് പുറത്താക്കി "കൊള്ള ലാഭമുണ്ടാക്കുന്ന ഭൂവുടമകളെ" ഈ ബിൽ തടയുമെന്ന് പാർട്ടി നേതാവ് എമിലി ലോവൻ പറഞ്ഞു.