ആമസോൺ 14,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു

By: 600110 On: Oct 29, 2025, 12:56 PM

 


ചെലവ് ചുരുക്കുന്നതിൻ്റെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൻ്റെയും ഭാഗമായാണിത്. പുതിയ എ.ഐ. സാങ്കേതികവിദ്യകൾ യാഥാർത്ഥ്യമാകുന്നതോടെ വരും വർഷങ്ങളിൽ ഇത്രയധികം ഓഫീസ് ജീവനക്കാരുടെ ആവശ്യം ഉണ്ടാകില്ലെന്ന് സിഇഒ ആൻഡി ജാസ്സി പറഞ്ഞു. കമ്പനി ഇതിനകംതന്നെ 1,000-ത്തിലധികം എ.ഐ. പ്രോജക്റ്റുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്, ഭാവിയിൽ ഇനിയും കൂടുതൽ നിർമ്മിക്കാൻ പദ്ധതിയിടുന്നുമുണ്ടെന്നും ആൻഡി ജാസ്സി വ്യക്തമാക്കി.

പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാരെ ചൊവ്വാഴ്ച ഇക്കാര്യം അറിയിക്കും. അവർക്ക് ആമസോണിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താൻ 90 ദിവസത്തെ സമയം ലഭിക്കും. പുതിയ ജോലി കണ്ടെത്താത്തവർക്ക് സെവെറൻസ് പേ, തൊഴിൽ പുനഃസ്ഥാപന സഹായം, ആരോഗ്യ ഇൻഷുറൻസ് പിന്തുണ എന്നിവ ലഭിക്കും. കമ്പനിക്ക് ഏകദേശം 1.56 ദശലക്ഷം തൊഴിലാളികളാണ് ആകെയുള്ളത്. പല ഘട്ടങ്ങളിലായി 2023ൽ 27,000 ജോലികൾ വെട്ടിക്കുറച്ചിരുന്നു. അതി ന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 

തങ്ങളുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, എ.ഐ. ഡാറ്റാ സെൻ്ററുകൾ വികസിപ്പിക്കുന്നതിനായി നോർത്ത് കരോലിന, മിസിസിപ്പി, ഇന്ത്യാന, ഓഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിൽ  കോടിക്കണക്കിന് ഡോളറാണ് ആമസോൺ നിക്ഷേപിക്കുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ തുടങ്ങിയ കമ്പനികളുമായി മത്സരിക്കാൻ ആമസോണിനെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങൾ. ഉദ്യോഗസ്ഥ മേധാവിത്വം കുറയ്ക്കാനും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലി വെട്ടിക്കുറയ്ക്കൽ ആവശ്യമാണെന്നാണ് ആമസോൺ പറയുന്നത്.