ആൽബെർട്ടയെ കാനഡയുടെ ഭാഗമായി നിലനിർത്തുന്നതിന് വേണ്ടി മുൻ ഉപപ്രീമിയർ തോമസ് ലുക്കാഷുക്ക് സംഘടിപ്പിച്ച "ഫോർഎവർ കനേഡിയൻ" എന്ന നിവേദനത്തിൽ 4,56,000-ത്തിലധികം പേർ ഒപ്പു വച്ചു. ഒപ്പിട്ട നിവേദനങ്ങളടങ്ങിയ 61 പെട്ടികളുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലുക്കാഷുക്ക് ഈ ഫലം പ്രഖ്യാപിച്ചത്.
ആൽബെർട്ടയുടെ സ്വാതന്ത്ര്യത്തിനായി ചില ഗ്രൂപ്പുകൾ നടത്തുന്ന നീക്കങ്ങൾക്ക് എതിരായാണ് 'ഫോർഎവർ കനേഡിയൻ' നിവേദനം ആരംഭിച്ചത്. ഈ പ്രക്രിയ ആൽബെർട്ടക്കാരെ ഒരുമിപ്പിക്കുകയും നിരവധി ആളുകൾക്ക് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കാൻ അവസരം നൽകുകയും ചെയ്തുവെന്ന് ലുക്കാഷുക്ക് അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ആൽബെർട്ടക്കാരും വേർപിരിയൽ ആഗ്രഹിക്കുന്നില്ലെന്നും, അവർ കാനഡക്കാരായി തുടരുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള ആളുകളിൽ നിന്ന് ഒപ്പുകൾ ശേഖരിക്കാനായി സന്നദ്ധപ്രവർത്തകർ മൂന്ന് മാസക്കാലം പ്രവിശ്യയിലുടനീളം സഞ്ചരിച്ചു. 60 ദിവസത്തിനുള്ളിൽ ഇലക്ഷൻസ് ആൽബെർട്ട ഈ ഒപ്പുകൾ പരിശോധിച്ച് വിലയിരുത്തും. നിവേദനം സ്വീകരിക്കപ്പെടുകയാണെങ്കിൽ, അതിൻ്റെ ഒരു പകർപ്പ് നിയമസഭയുടെ സ്പീക്കർക്ക് കൈമാറും.