ആൽബെർട്ടയിലെ അധ്യാപക സമരം അവസാനിപ്പിക്കാനായി പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ നിയമം പാസാക്കി. 'നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ്' ഉപയോഗിച്ചാണ് പുതിയ നിയമം പാസ്സാക്കിയത്. ഇതോടെ മൂന്നാഴ്ചയിലേറെയായി സമരത്തിൽ തുടരുന്ന 51,000ളം അധ്യാപകർ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർബന്ധിതരാകും.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്ക് അവസാനിച്ച രാത്രികാല ചർച്ചകൾക്ക് ശേഷമാണ് യുണൈറ്റഡ് കൺസർവേറ്റീവ് സർക്കാർ ഈ നിയമം പാസാക്കിയത്. സമരം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ് പറഞ്ഞു. പ്രതിപക്ഷമായ എൻഡിപി നിയമത്തിനെതിരെ വോട്ട് ചെയ്തു. അധികാര ദുർവിനിയോഗവും അധ്യാപകരുടെ അവകാശങ്ങളുടെ ലംഘനവുമാണ് പുതിയ നിയമമെന്ന് ആരോപിക്കുകയും ചെയ്തു.
ബുധനാഴ്ച സ്കൂളുകൾ വീണ്ടും തുറക്കാൻ ഉത്തരവിടുന്നതാണ് പുതിയ നിയമം. കൂടാതെ അധ്യാപകർ വീണ്ടും സമരം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതിനൊപ്പം, അനുസരിക്കാത്തവർക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യുന്നു - ഒരധ്യാപകന് പ്രതിദിനം $500-ഉം, യൂണിയന് പ്രതിദിനം $500,000-ഉം. നാല് വർഷത്തിനുള്ളിൽ 12 ശതമാനം ശമ്പള വർദ്ധനവും പുതിയ നിയമനങ്ങളും നടപ്പിലാക്കാമെന്ന് നേരത്തെ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അധ്യാപകർ നിരസിച്ച ഈ നിർദ്ദേശങ്ങളും പുതിയ ബില്ലിലൂടെ യാഥാർത്ഥ്യമാവുകയാണ്.
സർക്കാർ 'നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ്' ഉപയോഗിച്ചത് ആൽബെർട്ടയെ സംബന്ധിച്ചിടത്തോളം ഒരു "ദുഃഖകരമായ ദിനവും", അപകടകരമായ ഒരു കീഴ്‌വഴക്കവുമാണെന്ന് യൂണിയൻ പ്രസിഡൻ്റ് ജേസൺ ഷില്ലിംഗ് പറഞ്ഞു. ഭാവിയിൽ മറ്റ് യൂണിയനുകൾക്കും സമാനമായ നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി എന്നാൽ വിദ്യാർത്ഥികളെ സംരക്ഷിക്കാനും ആൽബെർട്ടയിലെ സ്കൂളുകളിൽ സ്ഥിരത കൊണ്ടുവരാനും ഈ നടപടി ആവശ്യമാണെന്നായിരുന്നു പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ വാക്കുകൾ.