ജെറോമി ഫാർകാസ് കാൽഗറി മേയർ ... റീ കൌണ്ടിംഗിൽ ഭൂരിപക്ഷം ഉയർന്നു
കാൽഗറി മേയർ തിരഞ്ഞെടുപ്പിലെ റീക്കൗണ്ടിംഗിൽ ജെറോമി ഫാർകാസ് വിജയം ഉറപ്പിച്ചതായി ഇലക്ഷൻസ് കാൽഗറി അറിയിച്ചു. ഒക്ടോബർ 20-ന് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ കമ്മ്യൂണിറ്റീസ് ഫസ്റ്റ് സ്ഥാനാർത്ഥിയായ സോന്യ ഷാർപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഒക്ടോബർ 27-ന് വീണ്ടും വോട്ടെണ്ണൽ നടത്തിയത്. ആദ്യഫലമനുസരിച്ച് 581 വോട്ടുകൾക്കായിരുന്നു ഫാർകാസിൻ്റെ വിജയം. എന്നാൽ, വീണ്ടും വോട്ടെണ്ണിയപ്പോൾ ഫാർകാസിൻ്റെ ഭൂരിപക്ഷം 616 വോട്ടുകളായി വർദ്ധിച്ചു. ആകെ 3,48,865 വോട്ടുകളാണ് എട്ട് സ്ഥാനാർത്ഥികൾക്കായി രേഖപ്പെടുത്തിയത്. ഇതിൽ ഫാർകാസിന് 91,112 വോട്ടുകളും ഷാർപ്പിന് 90,496 വോട്ടുകളും ലഭിച്ചു.
ഇത് വ്യക്തമായ വിജയമാണെന്നും ജനാധിപത്യ പ്രക്രിയയിൽ വോട്ടെണ്ണൽ ഒരു പ്രധാന ഘടകമാണെന്നും മൗണ്ട് റോയൽ യൂണിവേഴ്‌സിറ്റിയിലെ പോളിസി സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസറായ ലോറി വില്യംസ് പറഞ്ഞു. റീക്കൗണ്ടിംഗിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇലക്ഷൻസ് കാൽഗറിക്കും, പ്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ച സന്നദ്ധപ്രവർത്തകർക്കും ഫാർകാസ് നന്ദി അറിയിച്ചു. "കഴിഞ്ഞ ഒരാഴ്ചയായി കാൽഗറിയിലെ ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യാനായി ശക്തമായൊരു സിറ്റി കൗൺസിൽ ടീമിനെ വാർത്തെടുക്കുന്ന തിരക്കിലായിരുന്നു എന്നും ഫാർകാസ് പറഞ്ഞു.