സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ തൊഴിലാളി യൂണിയന്‍

By: 600002 On: Oct 28, 2025, 12:27 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഫെഡറല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്മെന്റ് എംപ്ലോയീസ് (AFGE) കോണ്‍ഗ്രസിനോട് സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് എവററ്റ് കെല്ലി, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിച്ച് 'ക്ലീന്‍ കോണ്‍ടിന്യൂയിംഗ് റെസല്യൂഷന്‍' പാസാക്കണമെന്ന് ആവശ്യപ്പെട്ടു.

'രാഷ്ട്രീയ കളികള്‍ക്ക് പകരം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് നേതാക്കള്‍ ശ്രദ്ധിക്കേണ്ടത്. വേതനം കിട്ടാതെ ഭക്ഷ്യബാങ്കുകളില്‍ വരി നില്‍ക്കുന്ന ജീവനക്കാരെ കാണുന്നത് ദേശീയ അപമാനമാണ്.'കെല്ലി പറഞ്ഞു:

ഡെമോക്രാറ്റുകള്‍ ആഫോര്‍ഡബിള്‍ കെയര്‍ ആക്ട് പ്രകാരമുള്ള ആരോഗ്യസഹായങ്ങള്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്, എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇതില്‍ ഇളവ് കാണിച്ചിട്ടില്ല.

820,000 ഫെഡറല്‍, ഡി.സി. സര്‍ക്കാര്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന AFGE, ട്രംപ് ഭരണകൂടത്തിനെതിരെ ഷട്ട്ഡൗണ്‍ സംബന്ധിച്ച നിരവധി കേസുകളും നല്‍കിയിട്ടുണ്ട്. യൂണിയന്‍ സര്‍ക്കാര്‍ ഉടന്‍ തുറക്കുകയും വേതനം നഷ്ടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.

സെനറ്റില്‍ ബില്‍ പാസാക്കാന്‍ 60 വോട്ടുകള്‍ ആവശ്യമായിടത്ത് ഇതുവരെ 12 തവണ പരാജയപ്പെട്ടിട്ടുണ്ട്. ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോഴും പാര്‍ട്ടികള്‍ തമ്മില്‍ ധാരണയിലാകാനുള്ള സൂചനകളൊന്നുമില്ല.