ചരിത്രം സൃഷ്ടിച്ച് സോണിയ രാമന്‍; വനിതാ ദേശീയ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ഹെഡ് കോച്ചായി നിയമിതയായി

By: 600002 On: Oct 28, 2025, 12:07 PM



 

പി പി ചെറിയാന്‍

സിയാറ്റില്‍: ഇന്ത്യന്‍ വംശജയായ സോണിയ രാമന്‍ വനിതാ ദേശീയ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ഹെഡ് കോച്ച് പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വനിതയായി ചരിത്രം കുറിച്ചു. ന്യൂയോര്‍ക്ക് ലിബര്‍ട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന രാമന്‍, സിയാറ്റില്‍ സ്റ്റോം ടീമിനെ നയിക്കാന്‍ ബഹുവര്‍ഷ കരാറില്‍ ഒപ്പുവെച്ചതായി ESPN റിപ്പോര്‍ട്ട് ചെയ്തു.

വനിതാ ദേശീയ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍( WNBA)യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു വനിതാ പ്രൊഫഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗാണ്. ലീഗില്‍ 13 ടീമുകള്‍ ഉള്‍പ്പെടുന്നു. WNBA യുടെ ആസ്ഥാനം മിഡ്ടൗണ്‍ മാന്‍ഹട്ടനിലാണ്.

49 വയസ്സുകാരിയായ രാമന്‍, മുമ്പ് എന്‍ബിഎയിലെ മെംഫിസ് ഗ്രിസ്ലീസിനൊപ്പം നാല് സീസണുകള്‍ അസിസ്റ്റന്റ് കോച്ചായും സേവനമനുഷ്ഠിച്ചിരുന്നു. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ 12 വര്‍ഷം നയിച്ചിട്ടുള്ള രാമന്‍, ബോസ്റ്റണ്‍ കോളേജില്‍ നിയമബിരുദം നേടിയിട്ടുണ്ട്.

നാഗ്പൂരില്‍ നിന്നുള്ള അമ്മയുടെയും ചെന്നൈയില്‍ നിന്നുള്ള അച്ഛന്റെയും മകളായ രാമന്‍, മുന്‍ ഡബ്ല്യുഎന്‍ബിഎ താരമായ മിലേന ഫ്‌ലോറസിനെയാണ് വിവാഹം കഴിച്ചത്.

നോവല്‍ ക്വിന്‍ പദവിയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് സിയാറ്റില്‍ സ്റ്റോം ഈ നിയമനം പ്രഖ്യാപിച്ചത്.