അബദ്ധത്തിൽ റീഫണ്ടായി നൽകിയ ഏകദേശം $4.99 മില്യൺ തിരിച്ചു പിടിക്കാൻ ഒരുങ്ങി കനേഡിയൻ റെവന്യൂ ഏജൻസി (CRA). ഇതിൻ്റെ ഭാഗമായി CRA ഫെഡറൽ കോടതിയെ സമീപിച്ചു. കാർഫ്ലെക്സ്' (Carflex) എന്ന സ്ഥാപനത്തിനാണ് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഇത്രയും തുക റീഫണ്ടായി നൽകിയത്. ഒരു വലിയ മൂലധന നേട്ടത്തിന് നികുതി അടച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. എന്നാൽ, ഓഡിറ്റർമാർ നടത്തിയ പരിശോധനയിൽ അത്തരത്തിൽ നികുതിയടച്ചതിൻ്റെ രേഖകളൊന്നും കണ്ടെത്താനായില്ല.
റീഫണ്ട് അനുവദിച്ചതിന് രണ്ട് വർഷത്തിന് ശേഷവും പണം എവിടേക്കാണ് പോയതെന്നും അത് എങ്ങനെ തിരിച്ചുപിടിക്കുമെന്നുമുള്ള ആശയക്കുഴപ്പത്തിലായിരുന്നു ഏജൻസി. അഞ്ച് മില്യൻ ഡോളറിന് മുകളിലാണ് റീഫണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ട് ചെന്ന് പരിശോധിക്കണമെന്നാണ് CRAയുടെ ചട്ടങ്ങൾ പറയുന്നത്. എന്നാൽ, തട്ടിപ്പുകാർ ഈ പരിധിയുടെ തൊട്ടുമുകളിലുള്ള 4.99 മില്യൻ ഡോളറാണ് ക്ലെയിം ചെയ്തത്. ഏജൻസിയെ കബളിപ്പിക്കാനായിരുന്നു ഇത്. ഈ പണം ഒരു പുതുതായി ആരംഭിച്ച അക്കൗണ്ടിൽ നിക്ഷേപിച്ചതായി TD ബാങ്ക് അധികൃതർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് CRA അധികൃതർക്ക് സംശയം തോന്നിയത്. ദശലക്ഷക്കണക്കിന് ഡോളറുകളുടെ റീഫണ്ടുകൾ പോലും ജീവനക്കാർ പലപ്പോഴും നേരിട്ട് പരിശോധിക്കാറില്ല. ഇലക്ട്രോണിക് സംവിധാനം വഴിയാണ് ഇതും പരിഷോധിക്കുന്നത്. ഇതാണ് ഇത്തരം വൻ തട്ടിപ്പുകൾക്ക് കാരണമെന്ന് നികുതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംശയാസ്പദമായ പണം നൽകലുകൾ തടയാൻ നിലവിലുള്ള സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്നും രേഖകൾ പറയുന്നു.