കാനഡയിൽ കരടിയുടെ ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

By: 600110 On: Oct 28, 2025, 8:08 AM

 

കാനഡയിൽ കരടിയുടെ ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന ബിസി സ്വദേശി മരിച്ചു.  ബ്രിട്ടീഷ് കൊളംബിയയിലെ ഈസ്റ്റ് കൂറ്റെനേയിൽ കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ  63-കാരനായ ജോ പെൻഡ്രി ആണ് ചികിത്സയിലിരിക്കെ  മരണപ്പെട്ടത്.

ഒക്ടോബർ 2-ന് ഫോർട്ട് സ്റ്റീലിനടുത്ത് കാട്ടിൽ പോയപ്പോഴാണ്  വേട്ടക്കാരനായ പെൻഡ്രിക്ക് നേരെ കരടിയുടെയും രണ്ട് കുട്ടിക്കരടികളുടെയും ആക്രമണം ഉണ്ടായത്.  തലയ്ക്കും മുഖത്തും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ കെലോവ്ന ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയും ചെയ്തു. തുടക്കത്തിൽ അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും പിന്നീട് രക്തം കട്ടപിടിച്ചതുമായി ബന്ധപ്പെട്ട കാരണങ്ങളെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടയിൽ കരടിയെ പെൻഡ്രി വെടിവെക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം അതേ കരടിയെ ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവത്തിന് ശേഷം പെൻഡ്രി സ്വന്തമായി സഹായം തേടുകയും 911-ലും ഒപ്പം മകനെയും വിളിച്ചിരുന്നു