ആൽബർട്ടയിലെ അധ്യാപക സമരം അവസാനിപ്പിക്കാനുള്ള ബിൽ അവതരിപ്പിച്ച് പ്രവിശ്യാ സർക്കാർ

By: 600110 On: Oct 28, 2025, 6:50 AM

ആൽബർട്ടയിലെ അധ്യാപക സമരം അവസാനിപ്പിക്കാനുള്ള ബിൽ അവതരിപ്പിച്ച് പ്രവിശ്യാ സർക്കാർ. അധ്യാപകരെ ബുധനാഴ്ചയോടെ ജോലിക്ക് പ്രവേശിക്കാൻ നിർബന്ധിതരാക്കുന്ന വ്യവസ്ഥകൾ അടങ്ങുന്നതാണ് 'ബാക്ക് ടു സ്കൂൾ ആക്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ബിൽ 2.

ഏകദേശം 51,000 അധ്യാപകരാണ് ഒക്ടോബർ ആറ് മുതൽ സമരത്തിൽ തുടരുന്നത്. ഇത് 7,50,000 വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്. നിയമം ചൊവ്വാഴ്ചയോടെ പ്രാബല്യത്തിൽ വരുന്നതിനായി ചർച്ചകൾ പരിമിതപ്പെടുത്തി, വേഗത്തിൽ പാസാക്കാനാണ് സർക്കാരിൻ്റെ നീക്കം. പുതിയ നിയമം ലംഘിച്ചാൽ അധ്യാപകർക്ക് ഒരു ദിവസം $500 വരെയും യൂണിയന് ഒരു ദിവസം $500,000 വരെയും പിഴ ചുമത്തും. 

എന്നാൽ ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് നഹീദ് നൻഷി ആരോപിച്ചു. പ്രീമിയർ ഡാനിയേൽ സ്മിത്ത് സ്വേച്ഛാധിപതിയെപ്പോലയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിൽ ജനാധിപത്യത്തിന് അപമാനകരവും അധ്യാപകരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതുമാണെന്ന് അധ്യാപക യൂണിയൻ പ്രസിഡൻ്റ് ജേസൺ ഷില്ലിംഗ് പറഞ്ഞു.  അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് യൂണിയനുകളും തൊഴിൽപരമായ നടപടികൾ സ്വീകരിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.