കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി തൽക്കാലം കൂടിക്കാഴ്ച നടത്തില്ലെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

By: 600110 On: Oct 28, 2025, 5:35 AM

 

കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവെച്ചതിന് പിന്നാലെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി തൽക്കാലം കൂടിക്കാഴ്ച നടത്തില്ലെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഒൻ്റാരിയോ സർക്കാർ പുറത്തിറക്കിയൊരു പരസ്യമാണ് ട്രംപിൻ്റെ പ്രകോപനത്തിന് കാരണം. മുൻ യു.എസ്. പ്രസിഡൻ്റ് റൊണാൾഡ് റീഗൻ തീരുവകളെ വിമർശിച്ച് നടത്തിയൊരു പ്രസംഗം ഉപയോഗിച്ചായിരുന്നു ഒൻ്റാരിയോ സർക്കാർ പരസ്യം തയ്യാറായിക്കിയത്. പരസ്യത്തെ "വ്യാജം" എന്ന് വിശേഷിപ്പിച്ച ട്രംപ് കാനഡക്കെതിരെ പുതിയ 10 ശതമാനം അധിക തീരുവ  പ്രഖ്യാപിക്കുകയും ചെയ്തു.

റീഗൻ സ്വതന്ത്ര വ്യാപാരത്തെക്കുറിച്ച് സംസാരിക്കുന്ന ക്ലിപ്പുകൾ കാണിച്ചുകൊണ്ടുള്ള ഈ പരസ്യം അമേരിക്കൻ ടിവി നെറ്റ്‌വർക്കുകളിലാണ് സംപ്രേക്ഷണം ചെയ്തത്. കാനഡ ക്ഷമ ചോദിച്ചെങ്കിലും പരസ്യം നീക്കം ചെയ്യാൻ വൈകിപ്പോയെന്ന് ട്രംപ് പറഞ്ഞു. യു.എസും കാനഡയും ഒരു വ്യാപാര കരാറിനോട് അടുത്ത ഘട്ടത്തിലാണ് ട്രംപ് പെട്ടെന്ന് ചർച്ചകൾ നിർത്തി വച്ചതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു. ഇരു നേതാക്കളും ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒരേ സമയം ക്വാലാലംപൂരിൽ ഉണ്ടായിരുന്നു. കാർണിയുമായി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിനാണ് ഇല്ലെന്ന് ട്രംപ് മറുപടി നല്കിയത്.

വിവാദ പരസ്യം നല്കാൻ തീരുമാനമെടുത്ത ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡിൻ്റെ നടപടി അശ്രദ്ധമായതും വ്യാപാര ബന്ധങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും ഒൻ്റാരിയോയിലെ പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ തീരുവകൾ തൊഴിലാളികൾക്കും ബിസിനസ്സുകൾക്കും വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് ഒരു ചർച്ചയ്ക്ക് തുടക്കമിടുകയായിരുന്നു പരസ്യത്തിലൂടെ ലക്ഷ്യമാക്കിയതെന്ന്  ഡഗ് ഫോർഡ് പറഞ്ഞു. ഈ പ്രചാരണം ഒരു ബില്യണിലധികം കാഴ്ചക്കാരിലേക്ക് എത്തിയെന്നും "ലക്ഷ്യം കൈവരിച്ചെന്നും" ഫോർഡ് കൂട്ടിച്ചേർത്തു.